കോട്ടയം: വടവാതൂര്‍ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍നിന്നും പഴയ മാലിന്യം നീക്കം ചെയ്യാതിരുന്ന കോട്ടയം നഗരസഭയുടെ നടപടിക്കെതിരേ ഹൈക്കോടതിയുടെ വിമര്‍ശനം. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും മാലിന്യം നീക്കം ചെയ്യാന്‍ നഗരസഭ തയാറാകാതിരുന്നതാണു ഹൈക്കോടതിയുടെ വിമര്‍ശനത്തിനു ഇടയാക്കിയത്. മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ കുമിഞ്ഞു കൂടിയ പഴയ മാലിന്യം നീക്കം ചെയ്യണമെന്ന് 2011ലെ ഇടക്കാല ഉത്തരവു പ്രകാരം കോടതി ആവശ്യപ്പെട്ടിരുന്നു.
കോട്ടയം നഗരസഭാ സെക്രട്ടറി അടുത്ത 23നു നേരിട്ടു കോടതിയില്‍ ഹാജരാകണമെന്നു കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ഡിവിഷന്‍ ബഞ്ചില്‍ ഇന്നലെ കേസ് പരിഗണിക്കവേയാണു നഗരസഭ സെക്രട്ടറി നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടത്. മധ്യവേനല്‍ അവധിക്കുശേഷം തുറക്കുന്ന കോടതി ഹിയറിംഗ് നടത്തും. വടവാതൂര്‍ മാലിന്യ നിക്ഷേപകേന്ദ്രം 2013 ഡിസംബര്‍ 31നു നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് അടച്ചുപൂട്ടിയത്.
മാലിന്യ നിക്ഷേപകേന്ദ്രം തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും അതിനുവേണ്ടി പോലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം നഗരസഭ നല്കിയ കേസാണ് ഹൈക്കോടതി ഇന്നലെ പരിഗണിച്ചത്. മാലിന്യനിക്ഷേപ കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലും കോടതിയെ സമീപിച്ചിരുന്നു. മാലിന്യ കേന്ദ്രവുമായി ബന്ധപ്പെട്ട എട്ടു പേരെ കക്ഷി ചേര്‍ക്കുകയും ചെയ്തു. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് ചീഫ്, വിജയപുരം പഞ്ചായത്ത്, കോട്ടയം നഗരസഭ, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവരെയാണു കക്ഷി ചേര്‍ത്തത്.
ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പോള്‍സണ്‍ പീറ്ററിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭം നടത്തിയതിനെത്തുടര്‍ന്നാണു വിജയപുരം പഞ്ചായത്ത് മാലിന്യനിക്ഷേപ കേന്ദ്രം പൂട്ടിയത്. ഇതോടെ നഗരത്തില്‍നിന്നു വടവാതൂരിലേക്കുള്ള മാലിന്യനീക്കം നിലച്ചിരുന്നു. ഇതാണു നഗരസഭയുടെ എതിര്‍പ്പിന് ഇടയാക്കിയത്. മാലിന്യനിക്ഷേപ കേന്ദ്രം സംബന്ധിച്ച് ഹൈക്കോടതിയില്‍നിന്നു നിരവധി തവണ വിധി വന്നിരുന്നു. ഇതിനുശേഷം സര്‍ക്കാര്‍ സംഭവത്തില്‍ ഇടപെടുകയും നിലവിലെ മാലിന്യനിക്ഷേപ കേന്ദ്രം പൂട്ടുന്നതിനും ശാസ്ത്രീയമായി മാലിന്യം സംസ്കരിക്കാന്‍ മറ്റൊരു കേന്ദ്രം തുടങ്ങുന്നതു സംബന്ധിച്ചും ചര്‍ച്ച നടത്തിയിരുന്നു. ഇതൊന്നും ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്നു ഫലം കണ്ടിരുന്നില്ല. ഇതിനുശേഷം മാലിന്യനിക്ഷേപ കേന്ദ്രം രണ്ടു വര്‍ഷമായി അടഞ്ഞു കിടക്കുകയാണ്. ഇതിനിടയിലാണു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഈ കേസ് പരിഗണിക്കുന്നതും വിധി പറയുന്നതും.