ന്യൂഡല്‍ഹി: വാഹനങ്ങളിലെ സുരക്ഷാ സൗകര്യങ്ങള്‍ കര്‍ശനമാക്കാന്‍ ഗതാഗത മന്ത്രാലയം ഒരുങ്ങുന്നു. മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ നോട്ടീസ് പ്രകാരം വാഹനങ്ങളില്‍ എയര്‍ബാഗ് സംവിധാനം, റിയര്‍വ്യൂ സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ്, വേഗത എന്നിവയെക്കുറിച്ചു യാത്രക്കാരെ ഓര്‍മിപ്പിക്കുന്ന അലാമുകള്‍ ഇനിമുതല്‍ എല്ലാ വാഹനങ്ങളിലും നിര്‍ബന്ധമാണ്. ഇതുസംബന്ധിച്ചുള്ള നിര്‍ദേശം ഗതാഗത മന്ത്രാലയം വാഹന നിര്‍മാതാക്കള്‍ക്കു നല്‍കുകയും ചെയ്തു.
നിലവില്‍ പുറത്തിറങ്ങുന്ന മിക്ക ചെറുവാഹനങ്ങളിലും മേല്‍പ്പറഞ്ഞ സുരക്ഷാസൗകര്യങ്ങളില്ല. പല പഴയ മോഡലുകളിലും ഈ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുക പ്രായോഗികവുമല്ല. അതിനാല്‍ ഇനി പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങള്‍ക്കും ഇവ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ടു വാഹനനിര്‍മാണത്തിന്റെ ചെലവുകള്‍ പഠിച്ചു മന്ത്രാലയത്തിനു വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുന്ന പുതിയ പദ്ധതിക്കും തുടക്കം കുറിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്മെന്റ് പ്രോഗ്രാം എന്നായിരിക്കും ഈ സംവിധാനത്തിന്റെ പേര്. വാഹനങ്ങള്‍ക്കു അതാതിന്റെ സുരക്ഷയ്ക്കനുസൃതമായ റേറ്റിംഗ് നല്‍കും.
സുരക്ഷാസൗകര്യങ്ങള്‍ കര്‍ക്കശമാക്കുന്നതിലൂടെ വാഹനാപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ ലോകത്ത് ഏറ്റവുമധികം വാഹനാപകടങ്ങളും ആള്‍നാശവും ഇന്ത്യയിലാണ്.