അരിയെവിടേ സഖാക്കളേ…പുതുശ്ശേരിയില്‍ സമൂഹ അടുക്കളയിലേക്കുള്ള 1000 കിലോ അരി കലവറയില്‍ എത്താതെ അപ്രത്യക്ഷമായി; റേഷന്‍ വിതരണം സിപിഎം പരിപാടിയാക്കുന്നുവെന്ന് വ്യാപകമായ ആരോപണം…

കൊറോണക്കാലത്ത് പലയിടത്തും സിപിഎം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് ആക്ഷേപം.

പലയിടങ്ങളിലും സമൂഹ അടുക്കളയിലേക്കുള്ള അരി സിപിഎമ്മുകാര്‍ അടിച്ചുമാറ്റുന്നുവെന്നാണ് കോണ്‍ഗ്രസും ബിജെപിയുമുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നത്. തെളിവു സഹിതമാണ് ഇവരുടെ ആരോപണം

പുതുശ്ശേരി പഞ്ചായത്തില്‍ സംഭാവനയായി ലഭിച്ച 1000 കിലോ അരി അപ്രത്യക്ഷമായത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായ മേഖല ഉള്‍പ്പെടുന്ന പുതുശ്ശേരി പഞ്ചായത്തില്‍ സമൂഹ അടുക്കളയിലേക്ക് ലഭിച്ച 1000 കിലോ അരി കലവറയിലെത്താതെ അപ്രത്യക്ഷമായതിനെ ചൊല്ലിയാണ് വിവാദം മുറുകുന്നത്.

സംഭവത്തില്‍ പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മും പാര്‍ട്ടി പ്രാദേശിക നേതാക്കളും ഒത്തുകളിച്ചെന്നാണ് ആരോപണം.

പഞ്ചായത്തു പ്രസിഡന്റിനെതിരെ പൊതുമുതല്‍ മോഷ്ടിച്ച കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്ത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനാണ് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് 1000 കിലോ അരി പുതുശ്ശേരി പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് നല്‍കിയത്.

സംഭാവനയായി സാധനങ്ങള്‍ ലഭിക്കുമ്പോള്‍ പഞ്ചായത്ത് സെക്രട്ടറി അല്ലെങ്കില്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ രസീത് നല്‍കേണ്ടതും, സാധനങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം. എന്നാല്‍ ഇവിടെ ഇതൊന്നും പാലിക്കപ്പെട്ടില്ല.

എച്ച്പി മാനേജ്‌മെന്റ് പഞ്ചായത്ത് സെക്രട്ടറിയോട് അരി ലഭിച്ചതിന്റെ രസീത് ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കലവറയില്‍ എത്താത്ത അരിക്ക് രസീത് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. ഇത് സംബന്ധിച്ച് സെക്രട്ടറി പ്രസിഡന്റിനോട് വിശദീകരണം തേടിയപ്പോള്‍ അരി എങ്ങനെ വിനിയോഗിക്കണമെന്ന് അറിയാമെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടിയെന്ന് പറയുന്നു.

സംഭവം വിവാദമായതോടെ പഴയ തിയതിയില്‍ രസീത് നല്‍കുകയും ഗുണഭോക്താക്കളുടെ ലിസ്റ്റ് തട്ടികൂട്ടുകയും ചെയ്തതായി പറയുന്നു. കോര്‍പ്പറേഷനില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് വാങ്ങിയ അരി കലവറയില്‍ എത്താതെ സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം സമൂഹ അടുക്കളയ്ക്കു നല്‍കിയ ഒരു ടണ്‍ അരി സിപിഎം വീടുകളില്‍ വിതരണം ചെയ്യുകയായിരുന്നുവെന്നുവെന്നും വിവരമുണ്ട്.

കഞ്ചിക്കോട് എച്ച്പി പ്ലാന്റ് ഉദ്യോഗസ്ഥര്‍ കൈമാറിയ അരി അഞ്ച് കിലോയുടെ കിറ്റുകളാക്കി സിപിഎം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കള്‍ വീടുകളില്‍ നേരിട്ടെത്തി വിതരണം ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

അതിനിടെ കൊറോണയുടെ പശ്ചാത്തലത്തില്‍ നടത്തുന്ന സൗജന്യ റേഷന്‍ വിതരണം സിപിഎം പാര്‍ട്ടി പരിപാടിയാക്കി മാറ്റുന്നുവെന്ന് കോണ്‍ഗ്രസിന്റെ ആരോപണവുമായി കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ ടി സിദ്ധിഖും രംഗത്തെത്തി.

മറ്റുപാര്‍ട്ടിക്കാര്‍ക്ക് ഗോളടിക്കാന്‍ അവസരം നല്‍കരുതെന്ന് പറയുന്ന സിപിഎം പേരാമ്പ്ര ലോക്കല്‍ സെക്രട്ടറി പ്രമോദിന്റെ ഫോണ്‍ സന്ദേശം കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ് പുറത്തുവിട്ടു.

ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റേഷന്‍ വിതരണത്തില്‍ എല്ലാ സന്നദ്ധപ്രവര്‍ത്തകരേയും പങ്കാളിയാക്കണമെന്നും ആവശ്യപ്പെട്ട് ടി.സിദ്ദീഖ് മുഖ്യമന്ത്രിക്കും ജില്ലാ സപ്ലൈ ഓഫീസര്‍ക്കും പരാതി നല്‍കി.

അതേ സമയം തന്നെ റേഷന്‍ വിതരണത്തെചൊല്ലി മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വളണ്ടിയര്‍മാരായി എത്തുന്നവര്‍ പാര്‍ട്ടി അടയാളങ്ങളുള്ള ഡ്രസും മറ്റുംധരിച്ചാണ് എത്തുന്നതെന്നാണ് ആരോപണം. ഇതുപോലെ പലയിടങ്ങളിലും സിപിഎമ്മുകാരുടെ കടന്നുകയറ്റമുണ്ടെന്ന പരാതിയുയരുന്നുണ്ട്.

Related posts

Leave a Comment