അവിടെ നില്‍ക്കെടാ…നീയെങ്ങോട്ടാ രക്ഷപ്പെട്ടു പോകുന്നത്..! ആയുധവുമായി വന്ന മോഷ്ടാക്കളെ പഞ്ഞിക്കിട്ട് പതിനഞ്ചുകാരി; പഞ്ചാബില്‍ നിന്നുള്ള കുസുംകുമാരി സോഷ്യല്‍ മീഡിയയില്‍ താരമായത് ഇങ്ങനെ…

മാരകായുധങ്ങളുമായി ബൈക്കിലെത്തി ഫോണ്‍ പിടിച്ചു പറിച്ച ആള്‍ക്കു മുമ്പില്‍ പതറാതെ ഞൊടിയിടയില്‍ ആക്രമികളെ കീഴ്‌പ്പെടുത്തി ഫോണ്‍ തിരികെപ്പിടിച്ച പതിനഞ്ചുകാരി കുസുംകുമാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പഞ്ചാബിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റാണ്.

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയില്‍ ജലന്തറില്‍ വെച്ചാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ കുസും കുമാരിയെ ആക്രമിച്ച് ഫോണ്‍ തട്ടിപ്പറിച്ചത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്ന കുസുംകുമാരി ഫോണ്‍ തട്ടിപ്പറിച്ച യുവാക്കളുമായി മല്‍പ്പിടുത്തം നടത്തി ഒടുവില്‍ ഫോണ്‍ തിരികെ നേടുകയായിരുന്നു. പെണ്‍കുട്ടി അക്രമികളുമായി മല്‍പ്പിടുത്തം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

വൈകാതെ സമീപത്തേക്ക് ചിലര്‍ ഓടിയെത്തുകയും അക്രമിയെ പിടിച്ചു വെയ്ക്കുന്നതും വീഡിയോയില്‍ കാണാം. താഴെ വീണു പോയ ഫോണ്‍ പെണ്‍കുട്ടി എടുത്ത് തിരികെ വരുന്നതും വീഡിയോയിലുണ്ട്. സംഭവത്തെ കുറിച്ച് പറയുമ്പോള്‍ കുസുമിന്റെ വാക്കുകളില്‍ ധീരത നിറയുന്നു. ഫോണ്‍ തട്ടിയെടുത്തത് മനസ്സിലാക്കിയ ഉടന്‍ ബൈക്കിനു പിന്നാലെ ഓടുകയും യുവാവിന്റെ ടീഷര്‍ട്ടില്‍ പിടിവിടാതെ നിര്‍ത്തുകയും ആയിരുന്നു എന്നും കുസും പറയുന്നു.

വിടില്ലെന്ന് തോന്നിയതോടെ യുവാവ് തിരിച്ച് ആക്രമിക്കാന്‍ തുടങ്ങി പക്ഷേ പിടിവിടാതെ ബൈക്കില്‍ നിന്നും അയാളെ കുസും വലിച്ചിഴച്ചു. നിമിഷങ്ങള്‍ക്കകം വഴിയാത്രക്കാരില്‍ ഒരാള്‍ കുസുമിന് സഹായത്തിന് എത്തുകയും ചെയ്തു. സംഭവത്തെതുടര്‍ന്ന് പരിക്കേറ്റ കുസുമിനെ സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷ്ടാവിനെ പോലീസിന് കൈമാറുകയും ചെയ്തു.

നിരവധിപേരാണ് പെണ്‍കുട്ടിയുടെ ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഈ ധൈര്യത്തിന് അര്‍ഹിച്ച അംഗീകാരം ലഭിക്കേണ്ടതുണ്ട് എന്നായിരുന്നു മിക്കവരും അഭിപ്രായപ്പെട്ടത്.

Related posts

Leave a Comment