17കാരന്‍ സഹവിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രം അശ്ലീല സൈറ്റില്‍ പോസ്റ്റ് ചെയ്ത സംഭവം ! പ്രതി ഉന്നതന്റെ മകനെന്നു സൂചന; പയ്യനെ തൊടാതെ പോലീസ്…

തിരുവനന്തപുരത്ത് 17കാരന്‍ സഹപാഠികളായ വിദ്യാര്‍ഥികളുടെയും അധ്യാപികമാരുടെയും ചിത്രം ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റില്‍ നമ്പര്‍ സഹിതം പോസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാതെ പോലീസ്.

മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന ജുവനൈല്‍ കേസുകളില്‍ കുറ്റാരോപിതരെ കസ്റ്റഡിയിലെടുക്കേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്റെ അറസ്റ്റ് ഒഴിവാക്കിയത്.

പോക്‌സോ കേസ് എടുക്കേണ്ട കുറ്റം ചെയ്ത 17കാരനെ ജുവനൈല്‍ നിയമത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിടുന്നതിനെതിരേ വ്യാപകമായി അമര്‍ഷമുയരുന്നുണ്ട്.

വെറും പിഴ ശിക്ഷ മാത്രം ലഭിക്കാവുന്ന കേസാണിതെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയായതിനാല്‍ യാതൊരു വിവരവും പുറത്തു വിടില്ല. അതിനാല്‍ തന്നെ ഏതോ ഒരു ഉന്നതന്റെ മകനാണ് പ്രതിയെന്ന സംശയം ബലപ്പെടുകയാണ്.

ഇത്രയും ഗുരുതരമായ കുറ്റം ചെയ്ത കൗമാരക്കാരനെ ഇന്നലെ തന്നെ ഉപദേശം നല്‍കി മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.

ഓണ്‍ലൈന്‍ വഴി വിദ്യാര്‍ഥിനികളെയും അധ്യാപകരെയും അപകീര്‍ത്തിപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിയെ സൈബര്‍ പോലീസ് അറസ്റ്റു ചെയ്തുവെന്ന തരത്തിലായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്.

വ്യക്തിവിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്ന കനേഡിയന്‍ ഡേറ്റിംഗ് സൈറ്റ് വഴിയാണ് വിദ്യാര്‍ഥി കുറ്റകൃത്യം ചെയ്തത്. കഴിഞ്ഞ രണ്ടു മാസമായി തിരുവനന്തപുരം ജില്ലയിലെ ഒരു വിദ്യാലയത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളുടെ നിരവധി രക്ഷിതാക്കളാണ് ഇതു സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്.

ഇങ്ങനെ ലഭിച്ച പരാതികളില്‍ കേസ് രജിസ്റ്റര്‍ ച്യെത് അന്വേഷിച്ചതോടെയാണ് പതിനേഴുകാരന്‍ കുടുങ്ങിയത്.അപരിചിതരായ ചാറ്റ് പങ്കാളികള്‍ക്ക് തന്റെ സഹപാഠികളായ വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ പല വിധത്തിലുള്ള എഡിറ്റുകളും നടത്തി ഫോണ്‍നമ്പര്‍ സഹിതമാണ് പ്രതി പോസ്റ്റ് ചെയ്തത്.

ഉപഭോക്താവിന്റെ യാതൊരു തിരിച്ചറിയല്‍ വിവരങ്ങളും ലഭ്യമല്ലാത്ത വെബ്‌സൈറ്റില്‍നിന്നും കുറ്റകൃത്യം ചെയ്ത ആളെ കണ്ടെത്തുന്നതു പ്രയാസമായിരുന്നു.

നിരവധി നെറ്റ് വര്‍ക്കുകളും ഫോണുകളും ഐപി വിലാസങ്ങളും വിപിഎന്‍ സര്‍വീസുകളും നിരന്തരം നിരീക്ഷിച്ചു നടത്തിയ അന്വേഷണത്തിലൊടുവിലാണു കുറ്റകൃത്യത്തിലേര്‍പ്പെട്ട ആളെയും കുറ്റകൃത്യത്തിനുപയോഗിച്ച മൊബൈല്‍ ഫോണും കണ്ടെത്തിയത്.

പക്ഷെ പയ്യനെതിരേ നിസ്സാരകുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നത് സംശയത്തിന് ഇടനല്‍കിയിരിക്കുന്നത്. പയ്യന്‍ പ്രമുഖ വ്യക്തിയുടെ മകനാണെന്നാണ് സൂചന.

കുറ്റകൃത്യത്തിനുപയോഗിച്ച ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി സഹവിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ അടക്കം ചാറ്റ് നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു.

ഇത് ഫലത്തില്‍ പോക്സോ കേസാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രം പോലും സൈബര്‍ ലോകത്ത് പ്രചരിപ്പിച്ചു. പക്ഷെ പോക്‌സോ കേസ് ചുമത്തുന്നതിനു പകരം ഐടി ആക്ടിലെ പിഴ ശിക്ഷാ വകുപ്പുകള്‍ ചുമത്തി വീട്ടുകാര്‍ക്കൊപ്പം വിട്ടയയ്ക്കുകയാണുണ്ടായത്.

ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ എടുത്ത ചിത്രങ്ങളാണു വിദ്യാര്‍ത്ഥി ദുരുപയോഗം ചെയ്തത്. സഹപാഠികളെയും അദ്ധ്യാപകരെയും ഭീതിയിലാഴ്ത്തുകയെന്ന ഉദ്ദേശ്യത്തിലും ഒരിക്കലും പിടിക്കപ്പെടില്ലെന്ന ധാരണയിലുമാണ് ഇതു ചെയ്തതെന്നു വിദ്യാര്‍ത്ഥി പോലീസിനോടു സമ്മതിക്കുകയും ചെയ്തു.

പ്രതി വ്യക്തമായ പദ്ധതിപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്ന് മനസ്സിലാകാന്‍ ഈ മൊഴി തന്നെ ധാരാളമായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തിയില്ലെങ്കില്‍ അത് സമൂഹത്തോടു കാട്ടുന്ന അനീതിയായിരിക്കുമെന്ന് തീര്‍ച്ച.

Related posts

Leave a Comment