ഒന്നിരുട്ടി വെളുത്തപ്പോള്‍ പൂക്കച്ചവടക്കാരന്റെ ഭാര്യ കോടീശ്വരി ! ബാങ്ക് അക്കൗണ്ടില്‍ വന്നത് 30 കോടി രൂപ; പണം വന്ന വഴിയറിഞ്ഞപ്പോള്‍ അവര്‍ ഞെട്ടിപ്പോയി…

രാത്രി ഇരുട്ടി വെളുത്തപ്പോള്‍ താന്‍ കോടീശ്വരിയായി എന്ന സത്യമറിഞ്ഞാല്‍ ആരുടെയും ബോധം പോകും. ഇത്തരത്തില്‍ പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത് 30 കോടി രൂപയാണ്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് അക്കൗണ്ടില്‍ പണം എത്തിയെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിഞ്ഞത്.

കര്‍ണാടകത്തിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിലാണ് കോടികള്‍ എത്തിയത്. ബാങ്കില്‍ നിന്നുള്ളവര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് എസ്ബിഐയിലെ അക്കൗണ്ടിലേക്ക് പണം വന്നകാര്യം പൂക്കച്ചവടക്കാരനായ സയിദ് ബുഹാന്റെ ഭാര്യ രഹ്ന ബാനു അറിയുന്നത്. തുടര്‍ന്ന് ബാങ്കധികൃതര്‍ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. മുമ്പ് ഇവരുടെ അക്കൗണ്ടില്‍ 60 രൂപ മാത്രമായിരുന്നുണ്ടായിരുന്നത്.

മാസങ്ങള്‍ക്കുമുമ്പ് ഓണ്‍ലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയപ്പോള്‍ കമ്പനി എക്‌സിക്യുട്ടീവ് എന്ന പേരില്‍ ഒരാള്‍ വിളിക്കുകയും കാര്‍ സമ്മാനമായി ലഭിച്ചെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതു ലഭിക്കണമെങ്കില്‍ 6,900 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ചെവിക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടു ലക്ഷം രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പണമില്ലെന്നും പറഞ്ഞതായി സയിദ് വ്യക്തമാക്കി.

തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇയാള്‍ക്ക് കൈമാറി. 30 കോടി രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതില്‍ 15 കോടി രൂപ തിരിച്ചു തരണമെന്നും ആവശ്യപ്പെട്ട് മറ്റൊരാള്‍ പിന്നീട് വിളിച്ചതായി സയിദ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ അക്കൗണ്ടിലൂടെ മൂന്നുമാസത്തിനിടെ കോടികളുടെ ഇടപാടാണ് നടന്നതെന്ന് എസ്ബിഐ അറിയിച്ചു.

എന്നാല്‍ ഒറ്റത്തവണയായല്ല 30 കോടി അക്കൗണ്ടിലെത്തിയതെന്നും 30 മുതല്‍ 40 ലക്ഷം രൂപ വരെയുള്ള ഇടപാടുകളായാണ് തുക എത്തിയതെന്നും ബാങ്ക് പറയുന്നു. ഇവരുടെ അക്കൗണ്ട് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

Related posts

Leave a Comment