മൂന്ന് സഹസ്രാബ്ദം മുമ്പത്തെ മനുഷ്യര്‍ എങ്ങനെയായിരുന്നു; ടിബറ്റില്‍ നിന്നു കണ്ടെത്തിയ ശവകുടീരങ്ങള്‍ക്ക് 3000ലേറെ വര്‍ഷം പഴക്കം; നരവംശശാസ്ത്രത്തില്‍ വന്‍കുതിപ്പാകുന്ന കണ്ടെത്തല്‍ ഇങ്ങനെ…

ലാസ: മൂന്നു സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിതരീതികള്‍ എങ്ങെയായിരുന്നു. ടിബറ്റില്‍ നിന്നു കണ്ടെത്തിയ 3000 വര്‍ഷത്തിലേറെ പഴക്കമുള്ള ശവകുടീരങ്ങള്‍ അക്കാലത്തെ മനുഷ്യരുടെ ജീവിതത്തിന്റെ മറനീക്കുമെന്നാണ് പ്രതീക്ഷ. യര്‍ലുംഗ് സംഗ്‌ബോ നദിക്കരയിലാണ് ശവകുടീരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുളള ഒന്‍പത് ശവകുടീരങ്ങളില്‍ നിന്ന് മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്.

ഷാന്‍സി പ്രൊവിന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കയോളജിയും സാംസ്‌കാരിക പൈതൃക സംരക്ഷണ സ്ഥാപനവും നടത്തിയ ഉത്ഖനനത്തിലൂടെയാണ് വന്‍ ഗവേഷണ മുന്നേറ്റം സാധ്യമായത്. ഇവര്‍ 2017 ജൂലൈ,ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ ഗവേഷണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഉത്ഖനനം നടത്തിയത്.രണ്ട് കാലഘട്ടങ്ങളിലായി അടക്കം ചെയ്ത ശവകുടീരങ്ങളാണ് ഇവയെന്ന് തെളിഞ്ഞു.

3000 മുതല്‍ 3500വര്‍ഷത്തിനിടയില്‍ അടക്കം ചെയ്ത മൃതദേഹങ്ങളും 2100 മുതല്‍ 2300 വരെ വര്‍ഷങ്ങള്‍ക്കിടെ അടക്കം ചെയ്ത മൃതദേഹങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്. കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനയിലാണ് ഇത് വ്യക്തമായത്. മൂന്ന് സഹസ്രാബ്ദങ്ങള്‍ മുന്‍പ് ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിതാവസ്ഥകളിലേക്ക് വെളിച്ചം വീശുന്ന വന്‍ കണ്ടുപിടിത്തത്തിലേക്കാണ് ടിബറ്റിലെ ഉത്ഖനനത്തിലൂടെ എത്തിച്ചേര്‍ന്നിരിക്കുന്നത്. നരവംശശാസ്ത്രത്തില്‍ ഇത് വന്‍ പുരോഗതിയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related posts