തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പഞ്ചനക്ഷത്ര ബാറുകള്‍ക്കുകൂടി അനുമതി ലഭിച്ചു. എറണാകുളം ജില്ലയില്‍ മൂന്നും തൃശൂര്‍, വയനാട്, ആലപ്പുഴ ജില്ലകളില്‍ ഓരോ ബാറുകള്‍ക്കുമാണ് പുതിയതായി ലൈസന്‍സ് ലഭിച്ചത്. ഇതില്‍ നാലെണ്ണം ത്രീ സ്റ്റാറില്‍ നിന്നു ഫൈവ് സ്റ്റാര്‍ നിലവാരത്തിലേക്ക് ഉയര്‍ത്തിയവയാണ്. എറണാകുളത്തെ സാജ് എര്‍ത്ത് റിസോര്‍ട്ടിന് ഫൈവ് സ്റ്റാര്‍ ബാര്‍ അനുമതി ലഭിച്ചത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്. ഇതോടെ സംസ്ഥാനത്തെ ഫൈവ് സ്റ്റാര്‍ ബാര്‍ ഹോട്ടലുകളുടെ എണ്ണം 29 ആയി ഉയര്‍ന്നു. 10 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍കൂടി ബാര്‍ ലൈസന്‍സിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.
ആറ് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കും ലൈസന്‍സ് നല്‍കിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കു ലൈസന്‍സ് നല്‍കുന്നത് മദ്യനയത്തിന്റെ ഭാഗമായി തന്നെയാണ്. കാരണം, ടൂറിസത്തിന്റെ ഭാഗമായി ഇവ നിയന്ത്രിക്കുന്നതു കേന്ദ്ര സര്‍ക്കാരാണ്. ത്രീ, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് നല്‍കില്ലെന്ന യുഡിഎഫിന്റെ നയത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.