മാടമ്പിയില്‍ തുടക്കംകുറിച്ച പാട്ടുകാരി

wmmഗായിക രൂപാ രേവതിക്ക് പിന്നണി ഗാനത്തിന് ആദ്യമായി അവസരം നല്‍കിയത് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. അതും മോഹന്‍ലാല്‍ നായകനായി അഭിനയിച്ച മാടമ്പി എന്ന ഹിറ്റ് ചിത്രത്തിനു വേണ്ടി. ഗംഭീരമായി ആ തുടക്കം തന്നെ. മലയാളത്തില്‍ മാത്രമല്ല തമിഴിലും കന്നഡയിലും രൂപയുടെ ഗാനങ്ങള്‍ സംഗീതമഴയായി പെയ്തിറങ്ങി. സംഗീതത്തെക്കുറിച്ച് ഗൗരവമായ സമീപനവും കാഴ്ചപ്പാടും വച്ചുപുലര്‍ത്തുന്ന രൂപാ രേവതിക്ക് ഫാസ്റ്റ് നമ്പറെന്നോ മെലഡിയെന്നോ നാടന്‍പാട്ടെന്നോ വകഭേദങ്ങളില്ല.

വായ്പാട്ട് കൂടാതെ വയലിനും പ്രഫഷനല്‍ വേദികളിലുള്‍പ്പെടെ വായിക്കാറുണ്ട്.

മാടമ്പിയിലെ തുടക്കം?

അന്നൊന്നും വലിയ അറിവൊന്നുമുണ്ടായിരുന്നില്ല. എങ്ങനെ അക്ഷരങ്ങളൊക്കെ ഉച്ചരിക്കണമെന്നൊന്നും അറിയില്ലായിരുന്നു. മോഹന്‍ലാലും കാവ്യമാധവനും അഭിനയിച്ച സിനിമയായിരുന്നു.

എം. ജയചന്ദ്രനൊപ്പം

സാര്‍ നന്നായി പാടിപ്പിക്കും. അങ്ങനെ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണെന്നു തോന്നിയിട്ടില്ല. ദേഷ്യപ്പെടാന്‍ മാത്രമുള്ള പെരുമാറ്റം എന്റെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പിന്നെ എം. ജെ. സാറിനെ നേരത്തേ അറിയാം. അമൃതാ ടിവിയിലെ സൂപ്പര്‍സ്റ്റാര്‍ ഗ്ലോബല്‍ റിയാലിറ്റി ഷോയില്‍ ജഡ്ജായിരുന്നു. അതില്‍ 2007ലെ വിജയി ഞാനായിരുന്നു. അന്നു തന്നെ സാര്‍ പറഞ്ഞി രുന്നു. പിന്നണി പാടാന്‍ അവസരം തരാമെന്ന്. പരസ്യമായാണ് പറഞ്ഞത്.

വീണ്ടും ലാലേട്ടന്റെ പടം?

അതെ, കാസനോവ. ഗോപീസുന്ദര്‍ സാറായിരുന്നു സംഗീതസംവിധാനം. ഒരു അടിച്ചുപൊളി പാട്ടായിരുന്നു. ഗോപീസുന്ദര്‍ സാര്‍ വളരെ ഫ്രണ്ട്‌ലിയാണ്. എല്ലാവരോടും വളരെ ഫ്രീയായിട്ട് സംസാരിക്കുന്ന പ്രകൃതം. മാത്രമല്ല കുറെ ഭക്തിഗാനങ്ങളൊക്കെ ഇതിനകം തന്നെ പാടിക്കഴിഞ്ഞതു കൊണ്ട് അത്യാവശ്യം വേണ്ട സ്റ്റുഡിയോ എക്‌സ്പീരിയന്‍സൊക്കെ കിട്ടിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വലിയ ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല.

ഇടയ്ക്ക് പിന്നണിഗാനരംഗത്തു നിന്നു വിടവാങ്ങിയല്ലേ?

നാലു വര്‍ഷത്തോളം ഒരു ഗ്യാപ്പ് സംഭവിച്ചു. ചെന്നൈയില്‍ പഠിക്കാന്‍ പോയതാണ്. വയലിനും വോക്കലും പഠിച്ചു തുടങ്ങിയതല്ല. പഠപഠനം തുടര്‍ന്നു വെന്നു മാത്രം. വായ്പാട്ട് 5 വയസു മുതലും വയലിന്‍ 8 വയസു മുതലും പഠിക്കുന്നുണ്ടായിരുന്നു. ചെന്നൈയില്‍ കലൈമാമണി എം. ആര്‍. കണ്ണന്‍ എന്ന പ്രശസ്തനായ വയലിനിസ്റ്റാണ് പഠിപ്പിച്ചത്. കര്‍ണാടക സംഗീതത്തിന്റെ ഗുരു പ്രശസ്ത സംഗീതജ്ഞന്‍ പി. ഉണ്ണികൃഷ്ണനും. കുട്ടിയായിരിക്കുമ്പോള്‍ എന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയതാ യിരുന്നു. ഡാന്‍സിനുള്ള പ്രായമായിട്ടില്ലെന്നു ഡാന്‍സ് ടീച്ചര്‍ പറഞ്ഞപ്പോള്‍ പാട്ടുക്ലാസിലെത്തിയതാണ്. ഇപ്പോഴും സംഗീതം അഭ്യസിക്കുന്നുണ്ട്. എം. ജയചന്ദ്രന്‍ സാറാണ് ഗുരു.

മാടമ്പിയില്‍ അവസരം കിട്ടിയതിനു ശേഷം എം. ജയചന്ദ്രന്‍ സാറില്‍ നിന്നു പിന്നീട് അവസരങ്ങള്‍ കിട്ടിയില്ലല്ലോ?

മാടമ്പി കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പഠിക്കാന്‍ ചെന്നൈയ്ക്കു പോയല്ലോ. അങ്ങനെ ഒരു ഗ്യാപ് വന്നതാണ്. തിരിച്ചുവന്നതിനു ശേഷം എം. ജെ. സാറിന്റെ സ്റ്റേജ് പ്രോഗ്രാമിലൊക്കെ പോകുന്നുണ്ട്. നല്ല അവസരം വരുമ്പോള്‍ വിളിക്കാമെന്നു പറഞ്ഞിട്ടുണ്ട്. ആ അവസരത്തിനായി കാത്തിരിക്കുന്നു.

ഇപ്പോള്‍ കുറെ അവസരങ്ങള്‍ ഉണ്ടല്ലോ. അതും വ്യത്യസ്ത തരത്തിലുള്ള ഗാനങ്ങള്‍?

വീണ്ടും പാടിത്തുടങ്ങിയപ്പോള്‍ മലയാളത്തില്‍ നല്ല അവസരങ്ങളുമായി ഇപ്പോള്‍ മുന്നേറുന്നു. ദീപക് ദേവിന്റെ സംഗീതസംവിധാനത്തില്‍ “”തിലോത്തമ” യെന്ന സിനിമയില്‍ ഒരു നാടന്‍പാട്ട് കൃത്യമായി പറഞ്ഞാല്‍ ഒരു ഷാപ്പ് ഗാനം. ഒരു “”ബേസ് ശബ്ദ”മാണ് ആ ഗാനത്തില്‍. ആ ഗാനം കേട്ടാല്‍ ഞാനാണ് പാടിയതെന്ന് ആര്‍ക്കും മനസിലാവില്ല. ബിജിബാലിന്റെ സംഗീതസംവിധാനത്തില്‍ രാജമ്മ @യാഹൂവില്‍ നല്ലൊരു മെലഡി പാടി. കൂടാതെ സോളോ വയലിനും വായിച്ചു. ഷാന്‍ റഹ്മാന്റെ ജമിനിയില്‍ നല്ലൊരു താരാട്ട് പാട്ടിനാണ് അവസരം തേടിവന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മെജോ ജോസഫിന്റെ സംഗീതത്തില്‍ ഒരു ഗാനം ആലപിച്ചു. ഈ ചിത്രത്തിനു പേരിട്ടിട്ടില്ല.

സംഗീതക്കച്ചേരികളിലും സ്റ്റേജ് ഷോകളിലും സജീവമാണോ?

വയലിന്‍ സോളോ കണ്‍സേര്‍ട്ട് ഇപ്പോഴും ചെയ്യുന്നുണ്ട്. വോക്കല്‍ നേരത്തേയൊക്കെ ചെയ്തി രുന്നു. ഇപ്പോള്‍ സംഗീതക്കച്ചേരികള്‍ ചെയ്യുന്നി ല്ലെങ്കിലും മുടങ്ങാതെ പ്രാക്ടീസ് ചെയ്യുന്നുണ്ട്. കേരളത്തിനു പുറത്തുമൊക്കെ വയലിന്‍ പരിപാടി കള്‍ക്ക് പോകാറുണ്ട്. ഗാനമേളകള്‍…. വളരെ സെലക്ടീവാണ്. ചിത്രചേച്ചിയുടെയും പി. ജയചന്ദ്രന്‍ സാറിന്റെയും (ഗായകന്‍) ഗാനമേളകളില്‍ പങ്കെടുക്കാറുണ്ട്. ചിത്രചേച്ചിയുടെ പ്രോഗ്രാമാണെങ്കില്‍ ഫ്യൂഷന്‍ ചെയ്യാന്‍ അവസരം ലഭിക്കാറുണ്ട്. വയലിന്റെ ഒരു അവസരം അങ്ങനെ ലഭിക്കും. പാടുകയും ചെയ്യും.

ത്രാസില്‍ തൂക്കിനോക്കിയാല്‍ വയലിന്‍ വായിക്കുന്നതാണോ സംഗീതാലാപനമാണോ കൂടുതല്‍ സംതൃപ്തി തരുന്നത്?

ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യമാണിത്. ഇവ രണ്ടും എനിക്ക് ജീവന്‍ തന്നെയാണ്. ഭാവിയില്‍ നല്ലൊരു വയലിനിസ്റ്റാണ് അല്ലെങ്കില്‍ നല്ലൊരു പാട്ടുകാരിയാണ് എന്ന് എന്നെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്നതിനേക്കാള്‍ നല്ലൊരു സംഗീത പ്രതിഭയാണ് എന്നു കേള്‍ക്കാനാണ് കൊതിക്കുന്നത്. അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു കലാസൃഷ്ടിയില്‍ മാത്രമായിട്ട് ഞാന്‍ ഒതുങ്ങിനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല.

പാട്ടു പഠിച്ചതുകൊണ്ട് വയലിന്‍ പഠിക്കാന്‍ എളുപ്പമാണോ?

തീര്‍ച്ചയായും. നൊട്ടേഷണ്‍സ് പെട്ടെന്ന് മനസി ലാക്കാന്‍ സാധിക്കും. സ്വരങ്ങളാണല്ലോ വയലിനില്‍ വായിക്കുന്നത്. പാട്ട് പഠിക്കുന്നതുകൊണ്ട് വയലിന്‍ പഠനത്തിന് ഒരുപാട് ഉപകാരം ചെയ്യുന്നുണ്ട്.

അച്ഛനും അമ്മയുമൊക്കെ സംഗീതപ്രിയരാണോ?

അച്ഛന്‍ ചെറുപ്പത്തില്‍ പാട്ടുപഠിച്ചിട്ടുണ്ട്. അമ്മയും നന്നായി പാടും. അന്നത്തെ കാലമല്ലേ. അവര്‍ക്ക് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചില്ലെന്നു മാത്രം. അവര്‍ക്ക് സാധിക്കാതെ പോയത് മകളിലൂടെ നേടുന്നു വെന്നു മാത്രം. ഭര്‍ത്താവും സംഗീതലോകത്തില്‍ നിന്നു തന്നെയാണ്. ശാസ്ത്രീയസംഗീതമാണ് മേഖല. മോള്‍ക്കും ഇഷ്ടമാണ്. ഞാന്‍ ബി എയും എംഎയും പ്രധാനവിഷയമായി സംഗീതം തന്നെയാണ് എടുത്തു പഠിച്ചത്.

ചെറായി തന്നെയാണോ സ്വദേശം?

സ്വദേശം ചെറായി തന്നെയാണെങ്കിലും ഞങ്ങള്‍ കൊങ്കിണിക്കാരാണ്. മാതൃഭാഷ കൊങ്കിണിയാണ്. പക്ഷെ പല തലമുറകളായിട്ട് ഞങ്ങള്‍ കേരളത്തില്‍ ത്തന്നെയാണ്. അച്ഛന്‍ ആലപ്പുഴയാണ്. കൊങ്കിണി യേക്കാള്‍ നല്ല ഒന്നാന്തരമായിട്ട് മലയാളം സംസാരിക്കും. വീട്ടില്‍ കൂടുതലായിട്ടും മലയാളത്തില്‍ തന്നെയാണ് സംസാരിക്കുന്നത്.

ചിത്രച്ചേച്ചി ഗാനമേളകളില്‍ ഇടയ്ക്കിടയ്ക്ക് ഫ്‌ളാസ്ക്കില്‍ നിന്നു വെള്ളം കുടിക്കുന്നത് പ്രേക്ഷകര്‍ക്ക് ഒരു സ്ഥിരം കാഴ്ചയാണല്ലോ?

അതെ, ചേച്ചിക്ക് കൂട്ടായിട്ട് എപ്പോഴും ഫ്‌ളാസ്ക്കും ഉണ്ടാവും. തൊണ്ട വെള്ളമില്ലാതെ വറ്റാന്‍ പാടില്ല. നനവ് വേണം. ചൂടുവെള്ളം കുടിച്ചു കൊണ്ടേയിരിക്കും. അതുകൊണ്ടു ചെറുപ്പത്തില്‍ത്തന്നെ ഐസ്ക്രീം കഴിക്കുന്നതൊക്കെ നിര്‍ത്തി. ഇഷ്ടവുമില്ല. തൊണ്ട സെന്‍സിറ്റീവ് ആണ്. പെട്ടെന്ന് തൊണ്ട വേദനയും ജലദോഷവും വരാറുണ്ട്.

സംഗീതസംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചാലോ?…ഇരുകൈയും നീട്ടി സ്വീകരിക്കുമോ?…

ഒരു നാടകത്തിലോ, സിനിമയിലോ, സ്കിറ്റിലോ ഒക്കെ സാധ്യതകള്‍ കിട്ടുന്ന കാലമാണിത്. നാളെ അവസരം ലഭിച്ചുകൂടെന്നില്ല. അങ്ങനെ ഒരു അവസരം ലഭിച്ചാല്‍ പാഴാക്കില്ല. ചെയ്യണമെന്നുണ്ട്. ഭാവിയില്‍ എപ്പോഴെങ്കിലും അങ്ങനെ സംഭവിക്കുമായിരിക്കും. എന്റെ ചില സുഹൃത്തുക്കള്‍ ഒരു ഹ്രസ്വചിത്രം ചെയ്യുന്നുണ്ട്. അതിന് സംഗീതസംവിധാനം ചെയ്യാന്‍ എന്നെയാണ് അവര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. എങ്ങനെയാകുമെന്നൊന്നും അറിയില്ല. നോക്കട്ടെ… ഒന്നും പറയാറായില്ല.

സംഗീതതുറയില്‍ നിന്നും പലരും അഭിനയ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ടല്ലോ. അവസരം ലഭിച്ചാല്‍ അഭിനയിക്കാന്‍ തയാറാണോ?

ഒട്ടും താല്‍പര്യമില്ല. സിനിമയില്‍ ഒരു പാട്ടുപാടുന്ന സീന്‍ അല്ലെങ്കില്‍ വയലിന്‍ വായിക്കുന്ന സീന്‍. ഇവ രണ്ടുമാണെങ്കില്‍ അഭിനയിക്കാം. അതില്‍ കൂടുതല്‍ വയ്യ. – സുനില്‍ വല്ലത്ത്

Related posts