തിരുവനന്തപുരം: വര്‍ക്കലക്ക് സമീപം പഴയചന്തയില്‍ ഹോം അപ്ലയന്‍സ് സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. രണ്ട് കോടിയോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പഴയചന്ത സെന്‍ ഇന്റര്‍നാഷണല്‍ ഹോം അപ്ലയന്‍സസ് സ്ഥാപനത്തിലാണ് ഇന്നു പുലര്‍ച്ചെ 5,45-ഓടെ തീ പിടിത്തമുണ്ടായത്. സ്ഥാപനത്തിലുണ്ടായിരുന്ന എല്‍സിഡി ടിവികള്‍, എല്‍ഇഡി ടിവികള്‍, ഫ്രിഡ്ജുകള്‍, ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കത്തിനശിച്ചു.
വര്‍ക്കല വട്ടപ്ലാമൂട് സ്വദേശി ജിജോ രാജ്കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് സെന്‍ ഇന്റര്‍ നാഷണല്‍ ഹോം അപ്ലയന്‍സസ്. തീ പിടിത്തവിവരം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വര്‍ക്കല ഫയര്‍ഫോഴ്സില്‍ നിന്നും എസ്ടിഒ രാജീവന് നായരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘവും പരവൂര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഞ്ച് യൂണിറ്റ് രണ്ടര മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണാതീതമാക്കിയത്. തീ പിടിത്ത കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം എന്നാണ് പ്രാഥമിക നിഗമനം. രണ്ട് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ ഫയര്‍ഫോഴ്സ് അധികൃതരോട് പറഞ്ഞു.