സി.സി.സോമന്
കോട്ടയം: റേഷന്‍ മണ്ണെണ്ണ ദേ വന്നു…ദാ പോയി. വിതരണം വെറും അഞ്ചു ദിവസം മാത്രം. മണ്ണെണ്ണ റേഷന്‍കടയില്‍ വന്നെന്നറിഞ്ഞു അടുത്ത ദിവസം വാങ്ങാമെന്നു കരുതി ചെന്നപ്പോള്‍ തീര്‍ന്നു. ഏപ്രില്‍ മാസത്തെ റേഷന്‍ മണ്ണെണ്ണ വിതരണമാണ് അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ നിര്‍ത്തി വച്ചത്. ജില്ലയിലെ മിക്ക റേഷന്‍ കടകളിലും ഏപ്രില്‍ 20 മുതല്‍ 25 വരെയുള്ള തീയതികളിലാണ് മണ്ണെണ്ണ എത്തിയത്. സാധാരണയായി മണ്ണെണ്ണ വൈകി എത്തിയാല്‍ അടുത്ത മാസത്തെ ഒരാഴ്ച കൂടി വിതരണത്തിന് അനുവാദം നല്‍കാറുണ്ട്. എന്നാല്‍ ഇക്കുറി അതുണ്ടായില്ല.
കോട്ടയം ജില്ലയിലെ പല റേഷന്‍ കടകളിലും മണ്ണെണ്ണ എത്തിയത് 20 മുതല്‍ 25 വരെയുള്ള തീയതികളിലാണ്. വൈകി എത്തിയതിനാല്‍ മണ്ണെണ്ണ മെയ് മാസത്തിലെ ആദ്യ ആഴ്ച കൂടി വിതരണം ചെയ്യുമെന്നാണ് കടക്കാരും റേഷന്‍ കാര്‍ഡുടമകളും കരുതിയത്. എന്നാല്‍ ഏപ്രില്‍ 30ന് വിതരണം അവസാനിപ്പിച്ച് കടക്കാരോട് കണക്ക് വാങ്ങി. കോട്ടയം ജില്ലയില്‍ ഭൂരിപക്ഷം കടകളിലും ഏപ്രില്‍ 30ന് മണ്ണെണ്ണ വിതരണം അവസാനിപ്പിച്ചു.
എന്താണ് ഇങ്ങനെ വിതരണം വെറും അഞ്ചു ദിവസം മാത്രം ചുരുക്കാന്‍ കാരണമെന്ന് വ്യക്തമല്ല. വൈദ്യുതികരിക്കാത്ത വീടുകള്‍ക്ക് നാലു ലിറ്ററും വൈദ്യുതീകരിച്ച വീടുകള്‍ക്ക് ഒരു ലിറ്ററുമാണ് അനുവദിച്ചിരിക്കുന്നത്. ഇത് പലപ്പോഴും പൂര്‍ണ തോതില്‍ കിട്ടാറില്ല. ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 17-18 രൂപയാണ്.