കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് ഐക്യദാർഢ്യമർപ്പിച്ച് കൂത്തുപറന്പ് പോലീസിന്റെ നേതൃത്വത്തിൽ തയാറാക്കിയ കോവിഡ് വാർ ഇൻ കേരള പെയിന്റിംഗ് നാളെ നാടിന് സമർപ്പിക്കും.
വൈകുന്നേരം അഞ്ചിന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ഉദ്ഘാടനം നിർവഹിക്കും.160 അടി നീളത്തിലും 60 അടി വീതിയിലുമാണ് കൂത്തുപറന്പ് ബസ്സ്റ്റാൻഡിന് സമീപം മെയിൻ റോഡിൽ കോവിഡ് വാർ ഇൻ കേരള എന്ന പേരിൽ ചിത്രം തയാറാക്കിയത്.
14 ജില്ലകളുടെയും പശ്ചാത്തലത്തിൽ കോവിഡിനെതിരേ നടക്കുന്ന പോരാട്ടമാണ് ചിത്രത്തിൽ. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ആരോഗ്യപ്രവർത്തകർ, പോലീസുകാർ, ഫയർഫോഴ്സുകാർ, സന്നദ്ധ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരെല്ലാം ചിത്രത്തിലുണ്ട്. ഇവർ കൊറോണയെ ബന്ധിക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്.
ചിത്രകാരൻ ഷൈജു കെ.മാലൂരിന്റെ നേതൃത്വത്തിൽ പത്തോളം കലാകാരൻമാർ ചേർന്നാണ് ചിത്രം തയാറാക്കിയിരിക്കുന്നത്.
കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ ഭാരതീയനും സമർപ്പണം നടത്തി നാളെ വൈകുന്നേരം ഏഴിന് 3000 മൺചിരാതുകൾ കത്തിക്കും.
കൂത്തുപറന്പ് സിഐ എംപി ആസാദിന്റെ മേൽനോട്ടത്തിൽ എസ്ഐ പി.കെ. ബിജു, എഎസ്ഐ അനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.കെ.സുധി, വിജിത്ത് അത്തിക്കൻ, രാജേഷ് കുണ്ടൻചാലിൽ, സുനീഷ് എന്നിവരും പെയിന്റിംഗ് പൂർത്തിയാക്കാൻ നേതൃത്വം നല്കി.