പയ്യന്നൂരിലെ ധനരാജ് വധക്കേസ്: നാലുപേര്‍ കൂടി പിടിയില്‍

alp-ARRESTപയ്യന്നൂര്‍: കുന്നരുവിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി.ധനരാജനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ കൂടി പോലീസ് പിടിയില്‍. ഇവരെ രഹസ്യകേന്ദ്രത്തില്‍ പോലീസ് ചോദ്യംചെയ്തു വരികയാണ്. ഇതില്‍ രണ്ടുപേര്‍ രാമന്തളി-കുന്നരു മേഖലയില്‍ നിന്നുള്ളവരല്ലെന്നാണു സൂചന. സംഭവത്തില്‍ രാമന്തളി കക്കംപാറയിലെ വൈശാഖ് (21), പ്രജിത്‌ലാല്‍ (21), ചിറ്റടിയിലെ സുകേഷ് (24), എട്ടിക്കുളം മൊട്ടക്കുന്നിലെ അനൂപ് (21) എന്നിവരെ ഇന്നലെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തിയശേഷമേ മറ്റു നടപടികളിലേക്കു കടക്കാനാകൂവെന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും സംഘം സഞ്ചരിച്ചിരുന്ന വാഹനവും കണ്ടെത്തേണ്ടതുണ്ടെന്നും കേസന്വേഷണത്തിനു നേതൃത്വം പയ്യന്നൂര്‍ സിഐ വി.രമേശനും ശ്രീകണ്ഠപുരം സിഐ സി.എ.അബ്ദുള്‍ റഹീമും പറഞ്ഞു.

കഴിഞ്ഞ 11 ന് രാത്രി 10.30 ഓടെയാണു ധനരാജനെ വെട്ടിക്കൊലപ്പെടുത്തിയത്. ധനരാജന്റെ കൊലയ്ക്കു പിന്നാലെ ബിജെപി-ബിഎംഎസ് പ്രവര്‍ത്തകനായ അന്നൂരിലെ സി.കെ.രാമചന്ദ്രനേയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു. രാമചന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണസംഘം പറഞ്ഞു. എന്നാല്‍ രാമചന്ദ്രന്റെ കൊലപാതകത്തിനു പിന്നിലുള്ള മുഖ്യപ്രതികള്‍ ഒളിവില്‍ പോയതായാണു സൂചന. ഇവരെ കണ്ടൊത്താനുള്ള ശ്രമത്തിലാണു പോലീസ്.

Related posts