വിതുര: നഗരങ്ങളില്‍നിന്നുപിടികൂടുന്ന തെരുവു നായ്ക്കളെ മലയോര മേഖലയില്‍ ഉപേക്ഷിക്കുന്ന അധികൃതരുടെ പതിവ് നിരന്തര അപകടങ്ങള്‍ക്കു കാരണമാകുന്നു. ഗ്രാമ പഞ്ചായത്തുകളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് തെരുവു നായ്ക്കളെ ഉപേക്ഷിക്കുന്നത്. നല്ല ആരോഗ്യശേഷിയുള്ള ഈ നായ്ക്കൂട്ടം രാപ്പകല്‍ വ്യത്യാസമില്ലാതെ പൊതുജനങ്ങള്‍ക്കു ഭീഷണിയാകുന്നു.
പെരിങ്ങമ്മല,നന്ദിയോട്, ആര്യനാട്, വിതുര, തൊളിക്കോട് ഗ്രാമ പഞ്ചായത്തുകളിലാണ് പ്രധാനമായും തെരുവു നായ്ക്കള്‍ ഉപേക്ഷിക്കപ്പെടുന്നത്. സ്കൂള്‍ കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ഇവയുടെ ആക്രമണത്തിനു ഇരയാകുന്നു. പറണേ്ടാട്, മലയടി റൂട്ടിലും കാലന്‍കാവ് നാഗര റൂട്ടിലും മാലിന്യം തള്ളല്‍ തകൃതിയായി നടക്കുന്നതിനാല്‍ തെരുവ് നായ്ക്കള്‍ പെരുകുന്നതു വന്‍ ഭീഷണിയാണ്. റോഡിലൂടെയുള്ള ഇവയുടെ പാച്ചില്‍ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും വിനയാകുന്നു. സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലുള്‍പ്പടെ നായ്ക്കൂട്ടം നടത്തുന്ന വിഹാരത്തിനു അടിയന്തിരമായി അറുതി വരുത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.