എന്റെ ലക്ഷ്യം ഹൈക്ക് മാത്രം: കവിന്‍ മിത്തല്‍

bis-hikeബംഗളൂരു: ഭാരതി എയര്‍ടെലില്‍ പ്രവേശിക്കാന്‍ തനിക്കു താത്പര്യമില്ലെന്ന് കവിന്‍ മിത്തല്‍. രാജ്യത്തെ ഏറ്റവും വലിയ ടെലികോം ശൃംഖലയായ ഭാരതി എയര്‍ടെലിന്റെ ഉടമ സുനില്‍ ഭാരതി മിത്തലിന്റെ മകനാണ് കവിന്‍. തദ്ദേശീയ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ ഹൈക്ക് മെസെഞ്ചറിനെ വളര്‍ത്തുകയാണു തന്റെ ലക്ഷ്യമെന്ന് കവിന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഹൈക്ക് മെസഞ്ചറിന്റെ സ്ഥാപകനും സിഇഒയുമാണ് കവിന്‍. തന്റെ മാര്‍ഗം താന്‍ തെരെഞ്ഞെടുത്തു, ടെലികോം ബിസിനസ് മേഖലയില്‍ പ്രവേശിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിസിനസിനോടായിരുന്നു താത്പര്യമെങ്കില്‍ തനിക്ക് വര്‍ഷങ്ങള്‍ക്കു മുമ്പേ ആ മാര്‍ഗത്തിലേക്ക് പ്രവേശിക്കാമായിരുന്നു. അതിനുള്ള സാഹചര്യവുമുണ്ടായിരുന്നു. എന്നാല്‍ തന്റെ മാര്‍ഗം അതല്ലെന്നും കവിന്‍ പറഞ്ഞു.

പിതാവിന്റെ ഭാരതി എന്റര്‍പ്രൈസസിന്റെ ലേബലില്ലാതെ 2012 ഡിസംബറിലാണ് കവിന്‍ ഹൈക്ക് മെസഞ്ചര്‍ സ്ഥാപിക്കുന്നത്. 2013-14ല്‍ ഭാരതി സോഫ്റ്റ് ബാങ്ക് 2.1 കോടി ഡോളറിന്റെ ഫണ്ടിംഗ് ഹൈക്കില്‍ നടത്തി. 2014 ഓഗസ്റ്റില്‍ ടൈഗര്‍ ഗ്ലോബല്‍ എന്ന ആഗോള ഭീമന്‍ 6.5 കോടി ഡോളറിന്റെ നിക്ഷേപം ഹൈക്ക് മെസഞ്ചറില്‍ നടത്തി. പിന്നീട് 17.5 കോടി ഡോളറിന്റെ നിക്ഷേപം നേടാനും ഹൈക്കിനായി. ഇന്ന് 140 കോടി ഡോളര്‍ മൂല്യമുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പാണ് ഹൈക്ക് മെസെഞ്ചര്‍. 10 കോടി ഉപയോക്താക്കളുള്ള ഹൈക്കിലൂടെ പ്രതിമാസം 4000 കോടി സന്ദേശങ്ങളാണ് കൈമാറപ്പെടുന്നത്.

Related posts