കൊച്ചി: കേരള ട്രാവല്‍ മാര്‍ട്ട്(കെടിഎം) സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊച്ചിയില്‍ നടന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ ഒരു ലക്ഷത്തോളം ബിസിനസ് കൂടിക്കാഴ്ചകള്‍ നടന്നതായി സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ് പറഞ്ഞു. മുന്‍ നിശ്ചയപ്രകാരമുള്ളതും അല്ലാത്തതുമായാണ് ഇത്രത്തോളം കൂടിക്കാഴ്ചകള്‍ ട്രാവല്‍ മാര്‍ട്ടില്‍ നടന്നതെന്നും സമാപനത്തോടനുബന്ധിച്ചു സാമുദ്രിക കണ്വന്ഷന് സെന്ററില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ രണ്ടു ദിവസങ്ങളില്‍ 60,000 ബിസിനസ് സമ്മേളനങ്ങള്‍ നടന്നു. അവസാന ദിവസം പൊതുജനങ്ങള്‍ക്കു കൂടി പ്രവേശനം അനുവദിച്ചിരുന്നതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ചതല്ലാത്ത ബിസിനസ് കൂടിക്കാഴ്ചകള്‍ക്കും അവസരമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ടു വര്‍ഷങ്ങള്‍കൊണ്ടു ടൂറിസം വഴി സംസ്ഥാനത്തിനു 5,000 കോടിയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25,000 കോടിയുടെ വരുമാനമാണ് ലഭിച്ചത്. സാമ്പത്തിക മാന്ദ്യം ടൂറിസം രംഗത്തെ ബാധിക്കില്ല. സഞ്ചാരികള്‍ ഇവിടേക്ക് എത്താന്‍ താത്പര്യം കാണിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ 150 രാജ്യങ്ങള്‍ക്കു വിസാ ഓണ്‍ അറൈവല്‍ സൗകര്യം നല്‍കിയിട്ടുണ്ട്. ഇതു വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കും. വിസാ ചാര്‍ജ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ അധികമാണെന്നു പരാതിയുണ്ട്. ഇത് ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനു നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
1,380 വിദേശ–തദ്ദേശ പ്രതിനിധികളാണു കെടിഎം 2016ല്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. പത്ര സമ്മേളനത്തില്‍ കെടിഎം സെക്രട്ടറി ജോസ് മാത്യു, ട്രഷറര്‍ ജോസ് പ്രദീപ്, കെടിഎം മുന്‍ പ്രസിഡന്റ് ജോസ് ഡൊമിനിക്, റിയാസ് അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.