തൃശൂർ: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഊട്ടോളി രാമൻ എന്ന ആനയാണ് വിരണ്ടത്. സംഭവത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും 42 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
പൂരം വെടിക്കെട്ടിനു മുന്പ് ഇന്നു പുലർച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേർ 15 മിനിറ്റോളം നിലത്ത് ഇറങ്ങാൻ കഴിയാതെ കുടുങ്ങി. വിരണ്ടോടിയ കൊന്പൻ നഗരത്തിലെ പാണ്ടി സമൂഹം മഠം എംജി റോഡിലേക്കുള്ള വഴിയിലൂടെയാണ് ഓടിയത്.
തുടർന്ന് എലിഫന്റ് സ്ക്വാഡ് ഉടൻ സ്ഥലത്തെത്തി ആനയെ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. മന്ത്രി കെ. രാജൻ കണ്ട്രോൾ റൂമിൽ ഇരുന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റ് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ മന്ത്രി സന്ദർശിച്ചു. വെടിക്കെട്ടും മറ്റു ആചാരങ്ങളും തടസംകൂടാതെ നടന്നു.