വടക്കഞ്ചേരി: യുദ്ധഭീതിയിൽ പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞു. ഒരുമാസം മുമ്പ് കിലോയ്ക്ക് 48 രൂപ ഉണ്ടായിരുന്ന പൈനാപ്പിളിന്റെ മൊത്തവില ഇപ്പോൾ 20 രൂപയായി കുറഞ്ഞു. ഇരുപതിലും താഴ്ന്ന് 19 രൂപയ്ക്കും പൈനാപ്പിൾ വിൽക്കേണ്ടിവരുന്നതായി പ്രാദേശികമായി ഏറ്റവും കൂടുതൽ പൈനാപ്പിൾ കൃഷി നടത്തുന്ന വാൽകുളമ്പ് കണ്ടത്തിൽപറമ്പിൽ സജി പറഞ്ഞു.
യുദ്ധഭീഷണിയെ തുടർന്ന് കയറ്റുമതി നിലച്ചത് പൈനാപ്പിളിന്റെ വിലയിടിയാൻ കാരണമായി. കാശ്മീർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ടൂറിസ്റ്റുകൾ ഇല്ലാതായത് പൈനാപ്പിൾ വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. മാങ്ങ ഉത്പാദനം കൂടിയതും തണ്ണിമത്തൻ വില കുറഞ്ഞതും പൈനാപ്പിൾ വിപണിയെ തളർത്താൻ കാരണമായി.
വടക്കേ ഇന്ത്യൻ ലോബിയുടെ ഇടപെടലുകൾ പൈനാപ്പിളിന് വലിയ ദോഷകരമായിട്ടുണ്ടെന്ന് പൈനാപ്പിൾ കർഷകർ പറയുന്നു. പൾപ്പ് കമ്പനികൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മാമ്പഴം വാങ്ങിക്കൂട്ടിയാണ് പ്രവർത്തിക്കുന്നത്. അതേസമയം, പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞെങ്കിലും ചില്ലറ വില്പന വില ഇപ്പോഴും ഉയർന്നു നിൽക്കുകയാണ്.
ഒരു പൈനാപ്പിൾ ചെടി നട്ടുവളർത്തി വിളവെടുപ്പ് ഘട്ടം വരെയുള്ള പരിപാലന ചെലവ് തന്നെ 50 രൂപ വരുന്നുണ്ടെന്ന് സജി പറഞ്ഞു. അതിനാൽ വില വളരെ താഴ്ന്നു പോകുന്നത് പൈനാപ്പിൾ കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കും. സജിയുടെ മാര്യപാടത്തെ തോട്ടത്തിൽ 10 തലപ്പുകളുള്ള പൈനാപ്പിൾ ഉണ്ടായത് കൗതുകമായി.രണ്ടര കിലോയിലധികം തൂക്കമുണ്ട് ഇതിന്.