ബറ്റുമി (ജോര്‍ജിയ): ചരിത്രത്തില്‍ ആദ്യമായി ഫിഡെ വനിതാ ലോകകപ്പ് ചെസ് ഫൈനലില്‍ അരങ്ങേറുന്ന ‘ഓള് ഇന്ത്യ’ ഫൈനലിന്റെ ടൈ ബ്രേക്ക് ചെയ്യാന്‍ ഇനി റാപ്പിഡ് റൗണ്ട്. ഇന്ത്യയുടെ ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും തമ്മില്‍ നടക്കുന്ന 2025 ഫിഡെ വനിതാ ലോകകപ്പ് ചെസ് ഫൈനലിന്റെ രണ്ട് റൗണ്ടും സമനിലയില്‍ കലാശിച്ചതോടെയാണിത്. ഇന്നാണ് ടൈബ്രേക്കര്‍ പോരാട്ടം. അതായത്, ലോകകപ്പ് കിരീടം ആര്‍ക്കെന്ന് ഇന്നറിയാം.
ഫൈനലില്‍ ഇന്നലെ നടന്ന രണ്ടാം റൗണ്ട് ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചു. 34 നീക്കങ്ങള്ക്കുശേഷമാണ് 19കാരിയായ ദിവ്യയും 38കാരിയായ ഹംപിയും ഫൈനലിലെ രണ്ടാം ക്ലാസിക്കര്‍ ഗെയിമില്‍ കൈകൊടുത്തു പിരിഞ്ഞത്.
ആദ്യ റൗണ്ട് 40 നീക്കംവരെ നീണ്ടിരുന്നു. ആദ്യ ക്ലാസിക്കല്‍ ഗെയിമില്‍ ദിവ്യക്കായിരുന്നു വെള്ള കരുക്കള്‍. ഇന്നലെ കൊനേരു ഹംപിക്കായിരുന്നു വെള്ളക്കരു.
ടൈബ്രേക്കര്‍ ഇങ്ങനെ
ടൈബ്രേക്കര്‍ 15 മിനിറ്റ് വീതമുള്ള രണ്ട് റാപ്പിഡ് ഗെയിമാണ്. ഓരോ നീക്കത്തിനും 10 സെക്കന്‍ഡ് ഇന്ക്രിമെന്റുണ്ട്. രണ്ട് റാപ്പിഡ് ഗെയിമിനുശേഷവും സമനിലയാണെങ്കില്‍ അഞ്ച് മിനിറ്റ് വീതമുള്ള, മൂന്ന് സെക്കന്‍ഡ് ഇന്‍ക്രിമെന്റുള്ള രണ്ട് മത്സരംകൂടി നടത്തും. അവിടെയും സമനിലയാണെങ്കില്‍ മൂന്നു മിനിറ്റിന്റെ രണ്ട് ബ്ലിറ്റ്സ്. തുടര്‍ന്ന് ജേതാക്കളെ നിശ്ചയിക്കുന്നതുവരെ 3+2 ബ്ലിറ്റ്സ് മത്സരം അരങ്ങേറും.
50,000 ഡോളറാണ് (ഏകദേശം 43.22 ലക്ഷം രൂപ) ഫൈനല്‍ ജേതാവിനുള്ള സമ്മാനത്തുക. റണ്ണറപ്പിന് 35,000 ഡോളര്‍ (30.26 ലക്ഷം രൂപ) ലഭിക്കും.