തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ രാഹുല്‍ മാങ്കുട്ടത്തിലിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. ശനിയാഴ്ച വിശദമായ മൊഴി നല്കാന് ഹാജരാകണമെന്ന് കാട്ടിയാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.
ശനിയാഴ്ച ജവഹര്‍ നഗറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ രാഹുലിന്റെ മൂന്ന് അനുയായികളെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുക്കുകയും സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ഒരു പ്രതിയുടെ ശബ്ദസന്ദേശത്തില്‍ രാഹുലിനെക്കുറിച്ച് പറയുന്ന ഭാഗം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലില്‍ നിന്നു കുടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഈ കേസില്‍ നേരത്തെ രാഹുലില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. അന്ന് ആരോപണങ്ങള്‍ രാഹുല്‍ നിഷേധിച്ചിരുന്നു. ഇലക്ഷന് കമ്മീഷന്റെ ഐഡി കാര്‍ഡുകളാണ് വ്യാജമായി നിര്‍മിച്ചതെന്നായിരുന്നു പരാതി. ഇലക്ഷന് കമ്മിഷനും ഇത് സംബന്ധിച്ച് നേരത്തെ നിരവധി പേര് പരാതി നല്‍കിയിരുന്നു.