കൊച്ചി: യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില് ഒളിവില് കഴിയുന്ന റാപ്പര് വേടന് എന്ന ഹിരണ്ദാസ് മുരളിക്ക് ഹൈക്കോടതി മുന്കൂര് ജാമ്യം അനുവദിച്ചു.
വ്യവസ്ഥകളോടെയാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ജാമ്യം അനുവദിച്ചത്. സെപ്റ്റംബര് ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. വേടനെ കസ്റ്റഡിയില് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. മുന്കൂര് ജാമ്യം നിഷേധിക്കുന്നത് നീതി നിഷേധമാകുമെന്നും ഹൈക്കോടതി വിലയിരുത്തി.
യുവതി നല്കിയ പരാതിയില് തൃക്കാക്കര പോലീസ് രജിസ്റ്റര് ചെയ്ത കേസില് വേടന് നല്കിയ ഹര്ജിയാണ് കോടതിയുടെ പരിഗണിച്ചത്. വേടന്റെ ഹര്ജിയെ പരാതിക്കാരി ശക്തമായി എതിര്ത്തിരുന്നു. എന്നാല്, ഇരുവരും തമ്മില് അടുപ്പമുണ്ടായിരുന്ന സമയത്തുണ്ടായിരുന്ന ശാരീരിക ബന്ധം അകല്ച്ചയെ തുടര്ന്ന് ബലാല്സംഗമായി മാറുമോയെന്നതടക്കം ചോദ്യങ്ങള് കോടതി വാദത്തിനിടെ ഉന്നയിക്കുകയുണ്ടായി.
വിവാഹ വാഗ്ദാനം നല്കി ശാരീരിക ബന്ധത്തില് ഏര്പ്പെട്ട ശേഷം വിവാഹത്തില് നിന്ന് വേടന് പിന്മാറിയെന്ന വാദം പരാതിക്കാരി കോടതിയില് ആവര്ത്തിക്കുകയുണ്ടായി.2021 ഓഗസ്റ്റ് മുതല് 2023 മാര്ച്ച് വരെ യുവതിയെ വിവിധ സ്ഥലങ്ങളില് വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇന്സ്റ്റാഗ്രാമിലൂടെയാണ് വേടന് യുവ ഡോക്ടറെ പരിചയപ്പെട്ടത്.
തുടര്ന്ന് കോഴിക്കോടുള്ള ഡോക്ടറുടെ വീട്ടിലെത്തി ബലാല്സംഗം ചെയ്തു എന്നാണ് പരാതി. വേടന് ഒളിവിലാണെന്നും, കണ്ടെത്താനായി അന്വേഷണം നടക്കുകയാണെന്നും പോലീസ് പറയുന്നു. അതേസമയം, വേടന് ലൈംഗികാതിക്രമം നടത്തിയെന്ന ഗവേഷക വിദ്യാര്ഥിയുടെ പരാതിയില് എറണാകുളം സെന്ട്രല് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.