പന്തളം: ആഗോള അയ്യപ്പസംഗമത്തിലേക്ക് പന്തളം കൊട്ടാരത്തെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. അംഗങ്ങളായ എ. അജികുമാര്‍. പി.ഡി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം ഇന്നലെ രാവിലെ കൊട്ടാരത്തിലെത്തിയ അദ്ദേഹം ഒരുമണിക്കൂറോളം പന്തളം കൊട്ടാരം നിര്‍വാഹകസംഘം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന കൊട്ടാരം പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടു സ്വീകരിക്കുമെന്നായിരുന്നു പന്തളം കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറി എം.ആര്. സുരേഷ് വര്‍മയുടെ പ്രതികരണം. വലിയതമ്പുരാന്റെ നിര്‍ദേശമനുസരിച്ചായിരിക്കും തീരുമാനം. ശബരിമല കര്‍മസമിതി നടത്തുന്ന സംഗമത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് വിശ്വാസമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും പ്രതികരിച്ചു. കൊട്ടാരവും ബോര്‍ഡും തമ്മില്‍ നല്ല ബന്ധമാണ്. അത് ഇനിയും തുടരും. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം കൊട്ടാരം പൂര്‍ണമായ പിന്തുണ നല്‍കുന്നുണ്ട്. മറ്റ് കാര്യങ്ങള്‍ അവര്‍ ആലോചിച്ച് അറിയിക്കും. ശബരിമലയുടെ അടിസ്ഥാന വികസനമാണ് അയ്യപ്പ സംഗമത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ല. വിശ്വാസികള്‍ക്ക് പങ്കെടുക്കാം. ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും കൊട്ടാരത്തിന്റെയും ലക്ഷ്യം ശബരിമല വികസനമാണ്. യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് ഒടുവില്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലം ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നു തന്നെയാണ്. കൃത്യമായ ആചാരങ്ങള്‍ പാലിച്ചുതന്നെയാണ് ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍.
70 ദിവസം നീളുന്ന തീര്‍ഥാടനം ഭംഗിയായി നടത്താന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം. ശബരിമല മാസ്റ്റര്‍ പ്ലാന്‍, തിരക്ക് നിയന്ത്രണത്തിനുള്ള ആധുനിക മാര്‍ഗങ്ങള്‍, തീര്‍ഥാടകര്‍ക്കുള്ള സൗകര്യമൊരുക്കല്‍ എന്നിവയാണ് സംഗമത്തിലെ പ്രധാന ചര്‍ച്ചകള്‍. ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയലക്ഷ്യവുമില്ല. ഭക്തര്‍ക്ക് പരമാവധി സൗകര്യമൊരുക്കുക മാത്രമാണ് ലക്ഷ്യം. സംഗമത്തിന്റെ നടത്തിപ്പിനായി സ്പോണ്‍സര്‍ഷിപ്പ് വഴിയോ സിഎസ്ആര്‍ ഫണ്ടുവഴിയോ പണം സ്വരൂപിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.