ദോഹ: എഎഫ്സി അണ്ടര് 23 ഏഷ്യന് കപ്പ് ഫുട്ബോള് ഫൈനല് റൗണ്ടിലേക്ക് ആദ്യമായി യോഗ്യത നേടാമെന്ന ഇന്ത്യന് സ്വപ്നം വിഫലം. 2026 അണ്ടര് 23 ഏഷ്യന് കപ്പ് യോഗ്യതാ റൗണ്ടില് ഗ്രൂപ്പ് എച്ചില് ഇന്ത്യ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. മികച്ച രണ്ടാം സ്ഥാനക്കാരായി നാലു ടീമുകള്ക്കു ഫൈനല് റൗണ്ടിനു യോഗ്യത നേടാമെങ്കിലും, രണ്ടാം സ്ഥാനക്കാരുടെ റാങ്കിംഗില് ഇന്ത്യ അഞ്ചാം സ്ഥാനത്തായി.
യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എച്ചില് മൂന്നു മത്സരങ്ങളില്നിന്ന് രണ്ട് പോയിന്റാണ് ഇന്ത്യക്ക്. ഗ്രൂപ്പിലെ അവസാന മത്സരത്തില് ആതിഥേയരായ ഖത്തര് 2-1നു ബെഹ്റിനെ തോല്പ്പിച്ച് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ഇന്ത്യയുടെ ഫൈനല്സ് മോഹം അവസാനിച്ചത്.
ഗ്രൂപ്പ് എച്ചിലെ തങ്ങളുടെ ആദ്യ മത്സരത്തില് ഇന്ത്യ 2-0ന് ബെഹ്റിനെ തോല്പ്പിച്ചു. രണ്ടാം മത്സരത്തില് 1-2ന് ഖത്തറിനോട് പരാജയപ്പെട്ടു. മൂന്നാം മത്സരത്തില് 6-0ന് ബ്രൂണെയെ തകര്ത്തു.
ഗോള് ഫ്രം കേരള
2026 എഎഫ്സി അണ്ടര് 23 ഏഷ്യന് കപ്പ് ഫുട്ബോള് യോഗ്യതാ റൗണ്ടില് ഇന്ത്യ നേടിയത് ഒമ്പത് ഗോള്. അതില് ഏഴും മലയാളി താരങ്ങളാണ് സ്വന്തമാക്കിയത്. ബെഹ്റിനെ 2-0നു തോല്പ്പിച്ച മത്സരത്തില് കേരളത്തിന്റെ എഫ്. മുഹമ്മദ് സുഹൈലിന്റെ വകയായിരുന്നു ആദ്യ ഗോള്. ഖത്തറിനോട് പരാജയപ്പെട്ട മത്സരത്തിലും പഞ്ചാബ് എഫ്സിക്കു വേണ്ടി കളിക്കുന്ന ഈ 18കാരന് ഗോള് നേടിയിരുന്നു.
ബ്രൂണെയെ മറുപടിയില്ലാത്ത ആറ് ഗോളിന് ഇന്ത്യ കീഴടക്കിയപ്പോള് അഞ്ച് ഗോളിനും കേരള ടച്ച്. കേരള ബ്ലാസ്റ്റേഴ്സിന്റെ തൃശൂരുകാരന് വിബിന് മോഹനന് (5’, 8’, 62’) ഹാട്രിക്കും ഫുട്ബോളിനായി ലക്ഷദ്വീപില്നിന്നു കൊച്ചിയിലെത്തിയ മുഹമ്മദ് ഐമന് ഇരട്ടഗോളും സ്വന്തമാക്കി. ഐമനും കേരള ബ്ലാസ്റ്റേഴ്സ് താരമാണ്.