റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ ഇന്നു രാവിലെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ, തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മവോയിസ്റ്റ് നേതാവ് ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു.
ഗോർഹാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പന്തിത്രി വനത്തിൽ രാവിലെ ആറോടെ നിരോധിത സിപിഐ (മാവോയിസ്റ്റ്) നേതാവായ സഹദേവ് സോറന്റെ സംഘവും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന സഹദേവ് സോറന്റെയും മറ്റ് രണ്ട് മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ തിരച്ചിലിനിടെ കണ്ടെടുത്തതായും ഉദ്യോഗസ്ഥൻ അറിയിച്ചു. മേഖലയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.