ആലപ്പുഴ: ശബരിമല സ്വര്‍ണമോഷണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അഭ്യര്‍ഥിച്ചതനുസരിച്ച് നാളെ മൊഴി നല്‍കുമെന്നും ലഭിച്ച വിവരങ്ങള്‍ കൈമാറുമെന്നും രമേശ് ചെന്നിത്തല എംഎൽഎ.
ശബരിമല സ്വര്‍ണമോഷണത്തെക്കുറിച്ച് കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും രാജ്യാന്തര പുരാവസ്തു കള്ളക്കടത്തു സംഘത്തിന് ഇതുമായി ബന്ധമുണ്ടെന്നും വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘത്തിന് കത്തു നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം ബന്ധപ്പെടുകയും വിവരങ്ങള്‍ കൈമാറാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.
ഇതനുസരിച്ച് പത്തിന് അന്വേഷണസംഘത്തിന് വിവരങ്ങള്‍ കൈമാറും. സംഭവവുമായി ബന്ധപ്പെട്ട് ഒരു വ്യവസായി എനിക്ക് അയച്ചുതന്ന മുഴുവന്‍ വിവരങ്ങളും ഞാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഇത് കൈമാറേണ്ടത് ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ എന്റെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് തെളിവുകളല്ല മറിച്ച് എനിക്ക് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളാണ്.
വിവരങ്ങള്‍ തന്നയാള്‍ എസ്ഐടിയോട് സഹകരിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. വേണ്ടിവന്നാല്‍ കോടതിയില്‍വന്ന് മൊഴി നല്‍കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. അദ്ദേഹത്തില്‍നിന്ന് വിശദവിവരങ്ങള്‍ സംഘടിപ്പിച്ച് അന്വേഷണം നടത്തി തെളിവുകള്‍ കണ്ടെത്തേണ്ടത് അന്വേഷണസംഘമാണ്. അദ്ദേഹത്തെ കോണ്ടാക്ട് ചെയ്യാനുള്ള എല്ലാ വിശദവിവരങ്ങളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. അദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തത്കാലം നിര്‍വാഹമില്ലെന്നും ചെന്നിത്തല പറഞ്ഞു.
