പത്തനംതിട്ട: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന കെ.സി. രാജഗോപാല്‍ അച്ചടക്ക ലംഘനം നടത്തിയോ എന്നതു സംബന്ധിച്ച് കോഴഞ്ചേരി ഏരിയാ കമ്മിറ്റിയോഗം വിളിച്ചു ചര്‍ച്ച ചെയ്യാന്‍ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനം.
മെഴുവേലിയില്‍ പഞ്ചായത്ത് വാര്‍ഡില്‍ മത്സരിച്ച കെ.സി. രാജഗോപാലിന് വോട്ടു കുറഞ്ഞ വിഷയത്തില്‍ അദ്ദേഹം സിപിഎം ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിനെതിരേ രംഗത്തുവന്നതും പരസ്യപ്രസ്താവന നടത്തിയതും അച്ചടക്കലംഘനമാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റിയും വിലയിരുത്തി.
ഇക്കാര്യത്തില്‍ ഏരിയാ കമ്മിറ്റിയുടെ അഭിപ്രായം കൂടി അറിയാനാണ് തീരുമാനം. ഇരുവരുടെയും വിശദീകരണം ഏരിയാ കമ്മിറ്റി തേടും. സ്റ്റാലിനെതിരേ കെ.സി. രാജഗോപാല്‍ പരാതി നല്‍കിയിരുന്നു. സിപിഎം ഭരണത്തിലായിരുന്ന മെഴുവേലി പഞ്ചായത്ത് നഷ്ടപ്പെട്ടതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചേര്‍ത്താണ് രാജഗോപാലിന്റെ പരാതി.
കോഴഞ്ചേരി ഏരിയാ കമ്മിറ്റിയിലെ മറ്റൊരംഗവും പരാതി നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ചും കാലുവാരലിനേക്കുറിച്ചും നിരവധി പരാതികളാണ് സിപിഎം ജില്ലാ കമ്മിറ്റിക്കു ലഭിച്ചിരിക്കുന്നത്. ഇവ അതാത് ഏരിയാ കമ്മിറ്റികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
