കണ്ണൂർ: തന്റെ ജീവിതാനുഭവഭങ്ങളെയും നാട്ടിട വഴികളിൽ കണ്ട മനുഷ്യരെയും നർമത്തിന്റെ മേൽപ്പൊടി ചാർത്തി അഭ്രപാളികളിലെത്തിച്ച് കാഴ്ചക്കാരെ ചിന്തിപ്പിച്ച പ്രതിഭാശാലിയായാ സിനിമാ ലോകത്തെ സാധാരണക്കാരനായിരുന്നു ശ്രീനിവാസൻ. കമ്യൂണിസ്റ്റ് ബന്ധത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട അധ്യാപകന്റെ മകനായി ബാല്യം ചെലവഴിക്കേണ്ടി വന്ന ശ്രീനിവാസൻ കടുത്ത പ്രതിസന്ധികളിലൂടെയാണ് നടന്നു കയറിയത്.
ജോലി നഷ്ടപ്പെട്ട പിതാവിന് പിന്നീട് സ്വന്തം വീട് തന്നെ കടബാധ്യതയെ തുടർന്ന് വിൽക്കേണ്ടി വന്നപ്പോൾ ഒരു ബന്ധുവിന്റെ വീടിനോട് ചേർന്ന് ഷെഡ് കെട്ടി താമസിക്കേണ്ടി വന്ന കടുത്ത പ്രതിസന്ധികളായിരുന്നു ബാല്യത്തിൽ ശ്രീനിവാസൻ അനുവഭവിച്ചു തീർത്തത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ ബസ് ഉടമയായി മാറി ഒടുവിൽ എല്ലാം നഷ്ടപ്പെട്ട മുരളി എന്ന നായകന്റെ കഥ പറയുന്ന വരവേൽപ് എന്ന സിനിമ ശ്രീനിവാസന്റെ പിതാവിന്റെ ജീവിതവുമായി ചേർന്നു നിൽക്കുന്ന കഥയാണ്.
നഷ്ടപ്പെട്ട ജോലി തിരിച്ചു കിട്ടിയ ശേഷം ഒരു ബസ് വാങ്ങിയ പിതാവ് മലബാറിലെ ഒരു പ്രമുഖ ക്ഷേത്ര ഗ്രാമത്തിലേക്ക് പെർമിറ്റ് സംഘടിപ്പിച്ച് ബസ് സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ ഉത്സവകാലത്തെ വരവുൾപ്പടെയുമായി വിശ്വസ്തനായ കണ്ടക്ടർ മുങ്ങി. ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയപ്പോൾ യൂണിയൻ ഇടപെട്ടു തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.
ഇതോടെ യൂണിയൻ കൊടികുത്തി ബസ് ദ്രവിച്ചു നശിച്ചു. ഈ യാഥാർഥ്യത്തിൽ നിന്നാണ് വരവേൽപ്പ് പിറക്കുന്നത്. തലയണമന്ത്രത്തിലെ തളത്തിൽ ദിനേശൻ, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമിയിലെ മുഖ്യാധ്യാപകനും അധ്യാപകരെയും ശ്രീനിവാസൻ കണ്ടെത്തിയത് തന്റെ ജീവിത പരിസരത്തു നിന്നു തന്നെയാണ്. ദുഷിച്ച രാഷ്ട്രീയ വ്യവസ്ഥിതി നിലനിൽക്കുന്ന കാലത്തോളും പ്രസക്തമായി തുടരുന്ന സന്ദേശം ശ്രീനിവാസന്റെ എല്ലാ കാലത്തെയും മാസ്റ്റർ പീസാണ്. ചിന്താവിഷ്ടയായ ശ്യാമളയാണ് മറ്റൊന്ന്.
സാധാരണക്കാരന്റെ പ്രശ്നങ്ങളെ സരസമായി പറഞ്ഞു കൊണ്ട് ചിന്തകളുടെ വലിയ ലോകത്തേക്ക് കാഴ്ചക്കാരനെ കൊണ്ടെത്തിക്കുന്നതിൽ അനതിസാധാരണമായ കഴിവായിരുന്നു ശ്രീനിവാസന്റേത്.നമുക്കുള്ളിലും നമ്മളുടെ ഇടയിലും ജീവിക്കുന്നവരായിരുന്നു ഓരോ ശ്രീനിവസന്റെ ഓരോ കഥാപത്രങ്ങളും. മലയാളികളുടെ പൊങ്ങച്ചം, അസൂയ, കുശുന്പ്, സ്നേഹം, അപകർഷതാ ബോധം എന്നിവയെല്ലാം ശ്രീനിവാസന് തിരക്കഥയുടെ ത്രെഡുകളായിരുന്നു.
സന്ദേശത്തിൽ പാർട്ടി തോറ്റതിനെ കുറിച്ച് താത്വികാചാര്യൻ കുമാരപിള്ളയായി അഭിനയിച്ച് ശങ്കരാടി നൽകുന്ന വിശദീകരണത്തിലെ “”അന്തർധാര സജീവമായിരുന്നു” , താത്വികവോകനത്തെ ചോദ്യം ചെയ്യുന്ന പാർട്ടി പ്രവർത്തകന്റെ ചോദ്യത്തിന് “” കൃത്യമായി സ്റ്റഡി ക്ലാസിൽ വരാത്തത് കൊണ്ടാണ് നിനക്ക് കാര്യങ്ങൾ മനസിലാകാത്തത്” എന്ന ശ്രീനിവാസന്റ മറുപടി.
നാടോടിക്കാറ്റിലെ എന്താ ദാസാ ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാത്തത് തുടങ്ങിയ ഡയലോഗുകൾ എല്ലാകാലത്തും നിലനിൽക്കുന്നതായി മാറി. കേരളത്തില സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ആക്ഷേപഹാസ്യത്തിന്റെ പശ്ചാത്തലത്തില് അവതരിപ്പിക്കുകയായിരുന്നു ശ്രീനിവാസന്റെ നിയോഗം.ആ സിനിമകളിലെ ഡയലോഗുകൾ പലതും കാലാതീതമായി വിവിധ സന്ദർഭങ്ങളിലായി ജനങ്ങൾ ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്.
നിശാന്ത് ഘോഷ്
