പഞ്ചസാര എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം ശരീരഭാരവും കൂടും. ഇടയ്ക്കിടെ മധുരം ചേര്‍ത്ത ചായ കഴിക്കുന്നതാണ് സ്ത്രീകളുടെ വണ്ണം കൂടുന്നതിനുള്ള കാരണങ്ങളിലൊന്ന്. കുട്ടികള്‍ക്കു കൊടുത്ത മധുരപലഹാരങ്ങളുടെ ബാലന്‍സ് ഉണ്ടെങ്കില്‍ അതു കളയേണ്ട എന്നു കരുതി കഴിക്കുന്ന വീട്ടമ്മമാര്‍ ധാരാളം. ദിവസം മധുരമിട്ട ചായ രണ്ടില്‍ അധികം കഴിക്കുന്ന സ്ത്രീകളും ധാരാളം. ഇതെല്ലാം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അമിതഭാരം വരുന്നതിനിടയാക്കുന്നു.
വീട്ടില്‍ നില്‍ക്കുമ്പോള്‍ ഇടയ്ക്കിടെ സോഫ്റ്റ് ഡ്രിംഗ്‌സ് (നാരങ്ങാവെള്ളം, ജ്യൂസ്…)കഴിക്കുന്നതും സ്ത്രീകളുടെ ശരീരത്തിലെത്തുന്ന മധുരത്തിന്റെ തോതു വര്‍ധിപ്പിക്കുന്നു. അവയൊക്കെ ഒരു ഭക്ഷണമായി തോന്നില്ലെങ്കിലും അവയിലൂടെയൊക്കെ അമിത കലോറി ശരീരത്തിലെത്തുന്നു. അതു കൊഴുപ്പായി മാറ്റി ശരീരത്തില്‍ അടിയും.
മധുരവും സ്ത്രീരോഗങ്ങളും
മധുരവും സ്ത്രീരോഗങ്ങളും തമ്മില്‍ നേരിട്ടു ബന്ധമില്ല. മധുരം കഴിച്ചതുകൊണ്ടു പിസിഒഡി സാധ്യതയില്ല. വണ്ണമുള്ളവര്‍ക്കു പിസിഒഡി വന്നാല്‍ അവരോടു മധുരം കുറയ്ക്കാന്‍ നിര്‍ദേശിക്കാറുണ്ട്. വണ്ണം കുറയ്ക്കുന്നതിനു മധുരം കുറയ്ക്കണം.
സോഫ്റ്റ് ഡ്രിംഗ്‌സില്‍ മധരം കൂടും
ഗാഢത കൂടിയ പഞ്ചസാരയാണ് സോഫ്റ്റ് ഡ്രിംഗ്‌സിലൂടെ കിട്ടുന്നത്. ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമായതിന്റെ മൂന്നിരട്ടി പഞ്ചസാര സോഫ്റ്റ് ഡ്രിംഗ്‌സില്‍ നിന്നു ലഭിക്കും. അതിനാല്‍ അത് ശീലമാക്കേണ്ട,
അമിതഭാരവും കാന്‍സര്‍ സാധ്യതയും
പഞ്ചസാരയും കാന്‍സറും തമ്മില്‍ നേരിട്ടു ബന്ധമില്ല. പഞ്ചസാര കൂടുതല്‍ കഴിച്ചാല്‍ അമിതഭാരം വരും. അമിതഭാരം കാന്‍സര്‍സാധ്യത വര്‍ധിപ്പിക്കുമെന്നു പഠനങ്ങളുണ്ട്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
പഞ്ചസാരയിലുള്ളത് എംറ്റി കലോറി
പഞ്ചസാരയുടെ അമിതോപയോഗമാണ് അമിതഭാരത്തിന്റെ പ്രധാന കാരണം. എനര്‍ജി കിട്ടുമെന്ന ന്യായം പറഞ്ഞ് പഞ്ചസാര കൂടുതലായി കഴിക്കരുത്. പഞ്ചസാരയിലുള്ളത് എംറ്റി(ശൂന്യമായ) കലോറിയാണ്. അതില്‍ പോഷകങ്ങളില്ല. വെറും കാലറി മാത്രം. അധികമായുള്ള കാലറി ശരീരത്തിലെത്തിയാല്‍ അതു കൊഴുപ്പായി മാറും. പഞ്ചസാര കഴിച്ചാല്‍ ഇന്‍സ്റ്റന്റ് ആയി എനര്‍ജി കിട്ടുമെങ്കിലും അതില്‍ പോഷകങ്ങളില്ലാത്തതിനാല്‍ ഗുണത്തേക്കാള്‍ ദോഷമാണു കൂടുതല്‍.
വിവരങ്ങള്‍: ഡോ. അനിതമോഹന്‍
ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കണ്‍സള്‍ട്ടന്റ്.
തയാറാക്കിയത്: ടി.ജി.ബൈജുനാഥ്