തിരുവനന്തപുരം : ഭൂരഹിതരായ ഭവനരഹിതർക്ക് വേണ്ടിയാണ് ലൈഫ് മിഷൻ തുടങ്ങിയതെങ്കിലും 4 ലക്ഷത്തോളം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ലെന്നു ചെറിയാൻ ഫിലിപ്പ്. വീട് ലഭിച്ചവരിൽ 95 ശതമാനവും സ്വന്തമായി ഭൂമിയുള്ളവരാണ്.
വാസയോഗ്യമോ അല്ലാത്തതോ ആയ വീട് പൊളിച്ചു മാറ്റിയാണ് പുതിയ വീടുകൾ നിർമ്മിച്ചത്. ഭൂരഹിതർക്കായുള്ള നഗരങ്ങളിലെ പ്ലാറ്റ് സമുച്ചയ പദ്ധതി പ്രകാരം വാസസ്ഥലം ലഭിച്ചത് 18000 പേർക്ക് മാത്രമാണ്. റേഷൻ കാർഡോ മേൽവിലാസമോ ഇല്ലാത്തവരും വാടക വീട് ബന്ധു ഗൃഹം, പുറമ്പോക്ക് എന്നിവിടങ്ങളിൽ കഴിയുന്നവരുമായവർ ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
2017-ൽ 6.25 ലക്ഷം പേരും 2021-ൽ 5.5 ലക്ഷം പേരും ലൈഫ് മിഷൻ ഗുണഭോക്ത പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഇതിനകം വീട് ലഭിച്ചത് 4,24,800 പേർക്കു മാത്രമാണ്. അതായത്, പകുതിയിൽ താഴെ.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പൂർത്തിയാക്കിയത് 2.95 ലക്ഷം വീടുകളാണ്. ഇവയിൽ 50000 വീടുകൾ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് തുടങ്ങി വെച്ചതാണ്. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് ഇതുവരെ പൂർത്തിയാക്കിയത് ഒന്നര ലക്ഷത്തോളം വീടുകൾ മാത്രമാണ്.
