ശാസ്ത്രവും മനുഷ്യനും എത്ര വളർന്നു എന്ന് പറഞ്ഞാലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്നും അവനെ വിട്ടു പോയിട്ടില്ല. അത് തെളിയിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലെ നന്ദ്പൂർ ഗ്രാമത്തിലാണ് സംഭവം.
അവിടുത്തെ ഒരു ഹനുമാൻ ക്ഷേത്രത്തിൽ അസാരാണമായി ഒരു സംഭവം കഴിഞ്ഞദിവസം ഉണ്ടായി. അപ്രതീക്ഷിതമായി ക്ഷേത്രത്തിലേക്ക് ഒരു നായ എത്തുകയും ഹനുമാൻ വിഗ്രഹത്തിനു ചുറ്റും പ്രതക്ഷിണം വയ്ക്കുകയും ചെയ്തു. വിഗ്രഹത്തിനു ചുറ്റും നായ നടക്കുന്നത് ക്ഷേത്രത്തിലെത്തിയ ഭക്തർ കണ്ടെങ്കിലും ആരും അതത്ര ഗൗനിച്ചില്ല. എന്നാൽ നായയുടെ പ്രദക്ഷിണം മണിക്കൂറുകൾ നീണ്ടതോടെ ആളുകൾ അവിടേക്ക് വരാൻ തുടങ്ങി. പലരും നായയുടെ ഈ ചെയ്തികൾ ഫോണിൽ പകർത്താൻ തിരക്ക് കൂട്ടി.
അൽപസമയത്തിനു ശേഷം നായ ക്ഷേത്രത്തിനു സമീപമായി വന്നു കിടന്നു. ക്ഷീണിച്ച് അവശനായ നിലയിലായിരുന്നു നായ. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ അത് തയാറായില്ല. ആളുകൾ അതോടെ ദൈവിക ചൈതന്യം നായയിൽ ഉണ്ടെന്ന് പറഞ്ഞ് അതിനെ പൂജിക്കാൻ ആരംഭിച്ചു. നായ കിടന്നതിനു ചുറ്റും പുഷ്പങ്ങൾ അർപ്പിക്കാനും നായയെ പരിചരിക്കാനും ആരംഭിച്ചു.
അതിന്റെ അസാധാരണമായ പെരുമാറ്റം ഒരു ദൈവിക അടയാളമാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ ആരാധിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. കാലം എത്രയൊക്കെ പുരോഗമിച്ചെന്ന് പറഞ്ഞാലും ആളുകൾ ഇപ്പോഴും അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ടിരിക്കുകയാണെന്ന് പലരും വിമർശിച്ചു.
