തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മോഹൻലാൽ. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്റെ പ്രശംസ.
കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ മോഹൻലാൽ മോദി മികച്ച ഭരണാധികാരിയാണെന്നും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമർപ്പണ മനോഭാവം മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി രാജ്യത്തെ അമ്മയെപ്പോലെ കാണുന്നു. അദ്ദേഹം ഒരു യോഗിയാണെന്നും വാക്കുകളിൽ ഒതുക്കാവുന്ന വ്യക്തിത്വമല്ല മോദിയുടേതെന്നും മോഹൻലാൽ പറഞ്ഞു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ മോദി രാജ്യത്തെ നയിക്കുന്നത് കണ്ടുപഠിക്കേണ്ടതാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
