കൊച്ചി: വീടുകളില്‍ ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ ലഭ്യത പ്രതിസന്ധിയില്‍ നില്ക്കുന്ന സാഹചര്യത്തില്‍ ചില ലളിതമായ ശീലങ്ങള്‍ പിന്തുടരുന്നതിലൂടെ ഗ്യാസ് ഉപഭോഗം ഗണ്യമായി കുറയ്ക്കാം. പാചകത്തില്‍ ചെറിയ ശ്രദ്ധ നല്കിയാല് മാതി. അത് ഗ്യാസ് ഉപഭോഗം കുറയ്ക്കുകയും കുടുംബച്ചെലവ് നിയന്ത്രിക്കുകയും ചെയ്യും. കീശ കാലിയാകുന്നതും തടയാം.
- ഗ്യാസ് സ്റ്റൗ, ബര്‍ണര്‍ എന്നിവ കേടുപാടുകള്‍ ഉള്ളതല്ലെന്നും പൊടിയും അഴുക്കും പിടിച്ചിട്ടില്ലെന്നും ഉറപ്പാക്കുക. ബര്‍ണറില്‍ കുഴികള്‍ അടഞ്ഞാല്‍ തീ ശരിയായി കത്തില്ല. അതുവഴി ഗ്യാസ് നഷ്ടം സംഭവിക്കും
- ഗ്യാസ് സേവര്‍ ഉപകരണം ഉപയോഗിക്കുക. ഉപയോഗത്തിന് ശേഷം സിലിന്‍ഡര്‍ ഓഫ് ചെയ്തു എന്ന് ഉറപ്പാക്കുക
- ചൂട് പുറത്തേക്ക് പോകുന്നത് തടയാന്‍ പാചകം ചെയ്യുമ്പോള്‍ പാത്രം മൂടി വെക്കുക. ഇതിലൂടെ ഭക്ഷണം വേഗത്തില്‍ പാകമാകുകയും ഗ്യാസ് ലാഭിക്കുകയും ചെയ്യും.
- പയറുവര്‍ഗങ്ങള്‍, അരി, കിഴങ്ങ് തുടങ്ങിയവ പാചകം ചെയ്യാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുക. സാധാരണ പാത്രങ്ങളെക്കാള്‍ ഇവ വേകാന്‍ കുറച്ച് സമയം മതി.
- പാചകം തുടങ്ങുന്നതിന് മുമ്പ് എല്ലാം തയാറാക്കി വച്ചാല്‍ അനാവശ്യമായി ഗ്യാസ് കത്തി നഷ്ടം സംഭവിക്കുന്നത് ഒഴിവാക്കാം
- പാത്രത്തിന്റെ അടിത്തട്ടിന് പുറത്തേക്ക് തീ പടരുന്നത് ഗ്യാസ് പാഴാക്കുമെന്നതിനാല്‍ പാത്രത്തിന് അനുയോജ്യമായ അളവില്‍ തീയുടെ വലുപ്പം നിയന്ത്രിക്കുക.
- ചെറിയ പാത്രത്തിന് വലിയ ബര്‍ണര്‍ ഉപയോഗിക്കുന്നത് ഗ്യാസ് പാഴാക്കും. അതിനാല്‍ പാത്രത്തിന്റെ വലുപ്പത്തിന് അനുയോജ്യമായ ബര്‍ണര്‍ തിരഞ്ഞെടുക്കുക.
- കറ പിടിച്ച പാത്രങ്ങള്‍ ചൂടാകാന്‍ കൂടുതല്‍ ഗ്യാസ് വേണ്ടിവരുമെന്നതിനാല്‍ പാത്രത്തിന്റെ അടിഭാഗം വൃത്തിയായി സൂക്ഷിക്കുക
- ഫ്രിഡ്ജില്‍ നിന്നെടുത്ത ഭക്ഷണം കുറച്ച് സമയം പുറത്തുവെച്ച് സാധാരണ താപനിലയിലെത്തിച്ച ശേഷം പാചകം ചെയ്യുന്നത് സമയവും ഗ്യാസും ലാഭിക്കും.
- പാചകത്തിന് അധികം വെള്ളം ചേര്‍ത്താന്‍ സമയവും ഗ്യാസും കൂടുതലാകും. അതിനാല്‍ ആവശ്യത്തിന് മാത്രം വെള്ളം ചേര്‍ക്കുക
- ഒരേസമയം ഒന്നിലധികം വിഭവങ്ങള്‍ പാചകം ചെയ്യുന്നത് ഗ്യാസ് ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും.
- കുടിക്കാനും കുളിക്കാനും വെള്ളം ചൂടാക്കുന്നത് ഉള്‍പ്പടെ അധിക സമയം ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്ന കാര്യങ്ങള്‍ വിറക് അടുപ്പില്‍ ചെയ്യുക.
- സ്വന്തം ലേഖകന്‍
