കോമഡി നൈറ്റ്സ് വിത്ത് കപിൽ എന്ന പരിപാടിയിലെ ശ്രദ്ധേയമായ ദാദി എന്ന കഥാപാത്രത്തിലൂടെ ജനഹൃദയങ്ങളെ കീഴടക്കിയ അലി അസ്ഗർ തനിക്കു ഉണ്ടായ മാനസിക വിഷമത്തെക്കുറിച്ച് പറയുന്നു. താരം സ്ക്രീനിൽ സ്ത്രീ വേഷങ്ങൾ ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള കാരണവും വെളിപ്പെടുത്തി.
ഒരു സ്വകാര്യ ചാനലിൽ നടന്ന സംഭാഷണത്തിനിടയിലാണ്, തന്റെ കരിയറിൽ ഉടനീളം സ്ത്രീ വേഷങ്ങൾ മാത്രം ചെയ്യേണ്ടിവന്ന ഒരു ഘട്ടത്തെക്കുറിച്ചും താൻ ചെയ്യുന്നതിനെക്കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാകുന്നതിനെക്കുറിച്ചും അലി മനസ് തുറക്കുന്നത്. അക്കാലത്ത്, ശനിയും ഞായറും കോമഡി സർക്കസ് സംപ്രേക്ഷണം ചെയ്യുമ്പോൾ രണ്ട് എപ്പിസോഡുകളിലും ഞാൻ സ്ത്രീ വേഷങ്ങളിലായിരുന്നു. അതോടെ എനിക്ക് അത്തരമൊരു ഇമേജ് ലഭിക്കാൻ തുടങ്ങി.
ജീവിതമാർഗത്തിന് ജോലി അത്യാവശ്യമായിരുന്നു, അവസരങ്ങൾ നഷ്ടപ്പെടുമെന്ന ഭയത്തിൽ ഞാൻ ആ വേഷങ്ങൾ തുടർന്നു. ഞാൻ ചെയ്യാൻ മടിച്ചാൽ അവർ എനിക്കുപകരം മറ്റൊരാളെ കൊണ്ട് വരുമായിരുന്നു. അതുകൊണ്ട്, ഞാൻ അത് ചെയ്തുകൊണ്ടേയിരുന്നു എന്ന് അലി അസ്ഗർ പറഞ്ഞു.
താൻ സ്ത്രീ വേഷങ്ങൾ കെട്ടുന്നതിനെച്ചൊല്ലി മക്കൾക്ക് നേരിടേണ്ടി വന്ന കളിയാക്കലുകളാണ് തന്നെ ആ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അലി വെളിപ്പെടുത്തി. ദീവാർ എന്ന സിനിമയിൽ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ കയ്യിൽ എന്റെ അച്ഛൻ കള്ളനാണ് എന്ന് എഴുതിയിരുന്നു, പക്ഷേ, എന്റെ മകന്റെ കയ്യിൽ ആരും എന്റെ അച്ഛൻ സ്ത്രീയാണ് എന്ന് എഴുതിയിട്ടില്ല. തന്റെ മക്കൾക്ക് സ്കൂളിലും മറ്റും നേരിടേണ്ടി വന്ന പരിഹാസങ്ങൾ തന്നെ വല്ലാതെ വേദനിപ്പിച്ചതായും അദേഹം പറഞ്ഞു.
