ചങ്ങനാശേരി: ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു. ഇതരസംസ്ഥാനക്കാർ ഒന്നടങ്കം മടങ്ങുന്നത് നിര്‍മാണ മേഖല പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇവര്‍ ജോലി ചെയ്യുന്ന പല കമ്പനികളും തൊഴിലാളികളുടെ ഏജന്റുമാരും തൊളിലാളികള്‍ക്ക് ബംഗാളിലേക്കു പോകുന്നതിനായി ടൂറിസ്റ്റ് ബസുകള്‍ ബുക്ക് ചെയ്ത് നല്‍കിയിട്ടുണ്ട്.
പായിപ്പാട്, തെങ്ങണ, പെരുമ്പാവൂര്‍, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് മേഖലകളില്‍നിന്നാണ് തൊഴിലാളികളുമായി ബംഗാളിലേക്ക് ടൂറിസ്റ്റ് ബസുകള്‍ പുറപ്പെട്ടിരിക്കുന്നത്. ബംഗാളില്‍ എത്തി വോട്ടു രേഖപ്പെടുത്തിയാല്‍ രണ്ടായിരം രൂപയും ട്രെയിന്‍ ടിക്കറ്റും ഓഫര്‍ ചെയ്തിട്ടുള്ള രാഷ്ട്രീയ പാര്ട്ടികളുമുള്ളതായും തൊഴിലാളികള്‍ പറയുന്നു.
കേരളത്തില്‍ മണ്‍സൂണ്‍കാലം തുടങ്ങുന്നതിനാല്‍ മേയ് അവസാനവാരത്തോടെ തൊഴിലാളികള്‍ മടങ്ങുന്ന പതിവുണ്ടായിരുന്നു. തെരഞ്ഞെടുപ്പായതിനാല്‍ ഭൂരിപക്ഷം തൊഴിലാളികളും ഇപ്രാവശ്യം നേരത്തേ മടങ്ങി. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ബംഗാളില്‍ മാമ്പഴം, ചോളം, ഗോതമ്പ് തുടങ്ങിയവയുടെ വിളവെടുപ്പു കാലമായതിനാല്‍ തൊഴിലാളികള്‍ ഇതുകഴിഞ്ഞേ തിരികെ വരികയുള്ളൂവെന്ന ആശങ്കയും ഉയര്‍ന്നിട്ടുള്ളതിനാലാണ് ഇവര്‍ക്കുവേണ്ടി കേരളത്തിലെ കമ്പനികളും കരാറുകാരും ബസ് ബുക്ക് ചെയ്തു നല്‍കുന്നതടക്കം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ കേരളത്തിലെ തൊഴിലിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പായിപ്പാട്, തൃക്കൊടിത്താനം, തെങ്ങണ, പെരുമ്പാവൂര്‍, ആലപ്പുഴ, കണ്ണൂര്‍ മേഖലകളിലെ വിവിധ ക്യാമ്പുകളിലുള്ള ഇരുപതിനായിരത്തിലേറെ തൊളിലാളികള്‍ വെസ്റ്റ് ബംഗാളിലേക്ക് മടങ്ങി. ഇവര്‍ കൂട്ടത്തോടെ യാത്രയ്ക്കെത്തിയത് ട്രെയിനുകളില്‍ വന്തിരക്കിനു കാരണമായി. 23നും 29നും രണ്ടു ഘട്ടങ്ങളിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കന്യാകുമാരി-ദീബ്രുഗഡ് വിവേദ് എക്സ്പ്രസ് കൂടാതെ ഏതാനും പ്രതിവാര എക്സ്പ്രസുകളാണ് ബംഗാളിലേക്കുള്ളത്. തിരക്കു പരിഗണിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റുകള്‍ നേരത്തതന്നെ റിസര്‍വേഷന്‍ പൂര്‍ത്തിയായിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലായി ക്യാമ്പ് ചെയ്ത് ജോലി ചെയ്യുന്നത് ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ്. ടിക്കറ്റെടുക്കുന്നതിനായി വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവരുടെ തിരക്കുമൂലം മറ്റ് യാത്രക്കാര്‍ക്കും ടിക്കറ്റ് ലഭ്യമാകാത്ത അവസ്ഥയാണ്.
