ബവേറിയ: ഒരു മിനിട്ടിൽ ഏറ്റവും കൂടുതൽ തേൻ കുടിച്ചതിന് ഗിന്നസ് വേൾഡ് റെക്കാഡ് സ്വന്തമാക്കി യുവാവ്. ജർമൻ സ്വദേശി ആൻഡ്രേ ഓർടോൾഫ് ആണ് ഈ അപൂർവ്വ ലോക റിക്കാർഡ് സ്വന്തം പേരിൽ കുറിച്ചത്. ജർമനിയിലെ ബവേറിയയിലുള്ള ഓഗ്സ്ബർഗിൽ വച്ചായിരുന്നു ആൻഡ്രേയുടെ റിക്കാർഡ് പ്രകടനം. വിചിത്രമായ ഭക്ഷണ-പാനീയ ചലഞ്ചുകളിലൂടെ മുമ്പും ആൻഡ്രേ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.
വെറും 60 സെക്കൻഡുകൾ കൊണ്ട് 1,273 ഗ്രാം (ഏകദേശം 1.2 കിലോ) തേനായിരുന്നു ആൻഡ്രേ കുടിച്ചിറക്കിയത്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു കിലോയിലധികം തേൻ കഴിച്ചാണ് ആൻഡ്രേ റിക്കാർഡ് പുസ്തകത്തിൽ വീണ്ടും ഇടം നേടിയത്.
വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നതിലും പാനീയങ്ങൾ കുടിക്കുന്നതിലും ഇതിനകം തന്നെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനാണ് ആൻഡ്രേ. വിചിത്രമായ നിരവധി ഫുഡ് ചലഞ്ചുകൾ ഏറ്റെടുത്ത് വിജയിച്ച ചരിത്രം ഇദ്ദേഹത്തിനുണ്ട്. ഈ ഇനത്തിൽ മറ്റാർക്കും തകർക്കാൻ കഴിയാത്ത വലിയൊരു ലക്ഷ്യമാണ് ആൻഡ്രേ ഗിന്നസ് റിക്കാർഡിലൂടെ പൂർത്തിയാക്കിയത്.
