മുംബൈ: വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളിലും കടപ്പത്രങ്ങളിലും നിന്ന് വന്‍തോതില്‍ പിന്‍വലിയുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപ ക്ഷീണിക്കുന്നു. ഇന്നലെ ഡോളര്‍ ഒന്പതുപൈസ കയറി 68.25 രൂപയായി.കഴിഞ്ഞയാഴ്ച 18,840 കോടിരൂപ പിന്‍വലിച്ച വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച 1310.82 കോടി രൂപയുടെ ഓഹരികളും വിറ്റു.
അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചതിനെത്തുടര്‍ന്ന് അവിടെ കടപ്പത്രങ്ങള്‍ക്കു വില കുറയുകയും ഓഹരിവിലകള്‍ കയറുകയും ചെയ്തു. യുഎസ് പലിശനിരക്ക് കൂടുമെന്നും ഉറപ്പായി. ഇതാണു വിദേശികള്‍ പണം പിന്‍വലിക്കുന്നതിനു പിന്നില്‍. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ 75000 കോടിരൂപ (1100 കോടി ഡോളര്‍) പിന്‍വലിച്ചിട്ടുണ്ട്. അതില്‍ നാലിലൊന്നോളം ഇന്ത്യയില്‍നിന്നായി. ഈ പ്രവണത തുടര്‍ന്നാല്‍ ഡോളര്‍ 70 രൂപയിലെത്തും. എന്നാല്‍, തകര്‍ച്ച തടയാന്‍ വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കുകയാണു റിസര്‍വ് ബാങ്ക്.