നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ബീഹാറിലെ പട്നയിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടയിൽ കൗതുകകരമായ ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. കടുത്ത ചൂട് സഹിക്കാനാവാതെ പൊലീസിനോട് വാട്ടർ പീരങ്കി പ്രയോഗിക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് വെള്ളം തെറിപ്പിച്ചപ്പോൾ റോഡിൽ തുള്ളിച്ചാടി നൃത്തം ചെയ്യുകയും ചെയ്ത വിദ്യാർഥികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
“പോലീസ് സാറേ, ഞങ്ങളുടെ നേരെ എന്താണ് വാട്ടർ പീരങ്കി പ്രയോഗിക്കാത്തത്? ഇവിടെ ഭയങ്കര ചൂടാണ്!” – എന്ന് വിദ്യാർഥികൾ ഉറക്കെ വിളിച്ചു ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം.
വിദ്യാർഥികളുടെ അഭ്യർത്ഥന മാനിച്ചെന്നപോലെ പോലീസ് വാട്ടർ പീരങ്കി ഉപയോഗിച്ച് വെള്ളം ചീറ്റിയതോടെ, ഭയന്നോടുന്നതിന് പകരം റോഡിലിറങ്ങി ഡാൻസ് കളിക്കുകയായിരുന്നു പ്രതിഷേധക്കാർ. സംഘർഷഭരിതമായ അന്തരീക്ഷത്തെ തികച്ചും സമാധാനപരവും രസകരവുമാക്കിയ ഈ സംഭവം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിക്കഴിഞ്ഞു. “ഇതാണ് യഥാർഥ ജെൻസി സ്റ്റൈൽ’ എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്. “ഇത് സമരമാണോ അതോ ഹോളി ആഘോഷമാണോ” എന്ന് കമന്റ് ചെയ്തവരുമുണ്ട്.
അതേസമയം, രാജ്യത്തുടനീളം ഉയരുന്ന നീറ്റ് പരീക്ഷാ വിവാദങ്ങൾക്കിടയിൽ, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും യുവാക്കളുടെ ഭാവി വച്ചുകളിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
