ദർഭംഗ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ കെട്ടിടത്തിൽ ജീവനക്കാർ മദ്യം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആശുപത്രിയിലെ മൂന്ന് ശുചീകരണ തൊഴിലാളികളും ഒരു ട്രോളി ഓപ്പറേറ്ററുമാണ് മദ്യപാനത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ആശുപത്രി അധികൃതരും പൊലിസും അന്വേഷണം ആരംഭിക്കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് മദ്യവില്പനയും ഉപഭോഗവും പൂർണമായി നിരോധിച്ചിരിക്കെ ഒരു സർക്കാർ ആശുപത്രിയിലെ ജീവനക്കാർ തന്നെ നിയമം ലംഘിച്ചത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മൂന്ന് വനിതാ ശുചീകരണ തൊഴിലാളികളും ട്രോളി ഓപ്പറേറ്ററും ഉൾപ്പെടെ നാല് ജീവനക്കാർ മദ്യപിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജീവനക്കാരുടെ ഔദ്യോഗിക വിവരങ്ങൾ സ്ഥിരീകരിച്ച ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കും.
രോഗികൾക്ക് മികച്ച സേവനം നൽകേണ്ട ഒരു ആരോഗ്യസ്ഥാപനത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആശുപത്രിയിലെ ജോലി സമയത്തെ അച്ചടക്കത്തെയും ജീവനക്കാരുടെ ഉത്തരവാദിത്തത്തെയും കുറിച്ച് ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചുവരികയാണെന്നും, സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരെ തിരിച്ചറിഞ്ഞ് കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ഡിഎംസിഎച്ച് സൂപ്രണ്ട് ഡോ. ജഗദീഷ് ചന്ദ്ര വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
