പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചെറുപ്പം മുതൽ നമ്മൾ കേട്ടിട്ടുള്ളതാണ്. പ്രകൃതിക്ക് ദോഷകരമാകുന്ന യാതൊന്നും ചെയ്യരുതെന്നു പറയുമ്പോഴും മനുഷ്യന്റെ ചില സമയങ്ങളിലെ പ്രവർത്തികൾ അത്യധികം വേദനാജനകമായി മാറാറുണ്ട്. അത്തരത്തിലൊരു വാർത്തായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലുള്ള പ്രശസ്തമായ സെൻട്രൽ പാർക്കിൽ ഒരു കുടുംബം കുളത്തിലേക്ക് വലിയ തോതിൽ കടലാസുകൾ വലിച്ചെറിഞ്ഞ് മാലിന്യം തള്ളി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പൊതുസ്ഥലങ്ങളുടെ ശുചിത്വത്തെക്കുറിച്ചും പൗരബോധത്തെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവച്ചിരിക്കുന്നത്. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടങ്ങുന്ന സംഘമാണ് പാർക്കിലെ തടാകത്തിലേക്ക് കൂട്ടത്തോടെ കടലാസുകൾ വലിച്ചെറിഞ്ഞത്.
ഇൻസ്റ്റാഗ്രാമിൽ ഈ ദൃശ്യങ്ങൾ പങ്കുവച്ച വ്യക്തി സെൻട്രൽ പാർക്കിൽ മീൻപിടിക്കുന്നതിനിടയിലാണ് ഈ കൗതുകകരവും ഞെട്ടിക്കുന്നതുമായ സംഭവം കണ്ടത്. നൂറുകണക്കിന് കടലാസ് കഷണങ്ങൾ ഒരു സ്ത്രീ വെള്ളത്തിലേക്ക് തള്ളിയിടുന്നത് ശ്രദ്ധയിൽപ്പെട്ട ഇദ്ദേഹം ഉടൻതന്നെ ഫോണെടുത്ത് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
തടാകത്തിലേക്ക് മാലിന്യം തള്ളുന്നത് കണ്ട യുവാവ് ഇവരെ ചോദ്യം ചെയ്യുകയും, പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് നിയമപ്രകാരം കുറ്റമാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. യുവാവ് വീഡിയോ എടുക്കുന്നത് കണ്ടതോടെ ദൃശ്യങ്ങൾ പകർത്തുന്നത് നിർത്താൻ സ്ത്രീകളിൽ ഒരാൾ നിരന്തരം ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം.
യുവാവും സ്ത്രീകളും തമ്മിൽ തർക്കം രൂക്ഷമായതോടെ കൂടെയുണ്ടായിരുന്ന കുട്ടികൾ പരിഭ്രാന്തരായി കരയുന്നതും ദൃശ്യങ്ങളിൽ കാണാം. “ഞാൻ സെൻട്രൽ പാർക്കിൽ മീൻപിടിക്കുമ്പോൾ ഒരു സ്ത്രീ നൂറുകണക്കിന് കടലാസ് കഷണങ്ങൾ തടാകത്തിലേക്ക് തള്ളുന്നത് കണ്ടു” എന്ന കുറിപ്പോടെയാണ് ഇതിന്റെ വീഡിയോ യുവാവ് പങ്കുവച്ചത്.
പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റേയും പരിസ്ഥിതിയോട് ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതിന്റേയും പ്രാധാന്യം ഈ സംഭവം ചൂണ്ടിക്കാണിക്കുന്നുവെന്ന് ആളുകൾ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ശക്തമാണ്.
