ട്രാഫിക് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ പെട്ടെന്ന് വണ്ടി വെട്ടിച്ച ഭർത്താവ് റോഡിലേക്ക് തെറിച്ചുവീണ ഭാര്യയെ തിരിഞ്ഞുനോക്കാതെ രക്ഷപ്പെട്ടു. ഉത്തരാഖണ്ഡിലെ രുദ്രപൂരിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനത്തിനാണ് വഴിവെച്ചിരിക്കുന്നത്.
ത്രിശൂൽ ചോക്കിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം. നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങളും ഹെൽമെറ്റ് ധരിക്കാത്തവരെയും ലക്ഷ്യമിട്ടായിരുന്നു പരിശോധന. പോലീസുകാർ കൈകാണിച്ച ഉടൻ തന്നെ പിടിയിലാകാതിരിക്കാൻ ഡ്രൈവർ പെട്ടെന്ന് വാഹനം വെട്ടിത്തിരിക്കുകയായിരുന്നു.
ഈ പെട്ടെന്നുള്ള വെട്ടിക്കലിൽ പിന്നിലിരുന്ന ഭാര്യയുടെ നിയന്ത്രണം നഷ്ടപ്പെടുകയും അവർ റോഡിലേക്ക് താഴേക്ക് വീഴുകയും ചെയ്തു. എന്നാൽ വീണ ഭാര്യയെ സഹായിക്കാനോ ഒന്നു തിരിഞ്ഞുനോക്കാനോ പോലും നിൽക്കാതെ ഭർത്താവ് വാഹനം ഓടിച്ചുപോകുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തിയാണ് യുവതിയെ സഹായിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ തനിക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് യുവതി വ്യക്തമാക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇവരെ കൗൺസിലിംഗ് നൽകി വീട്ടിലേക്ക് അയച്ചു. ട്രാഫിക് പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ നടത്തുന്ന ഇത്തരം അപകടകരമായ ഡ്രൈവിംഗ് രീതികൾ എത്രത്തോളം ജീവന് ആപത്താണെന്ന് ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നു.
