ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ബന്ധുവിനെ സ്ട്രെച്ചറിൽ കിടത്തി തനിയെ തള്ളിക്കൊണ്ടുപോകേണ്ടി വന്ന എഴുപതുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗുജറാത്തിലെ രാജ്കോട്ട് സിവിൽ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
സൗരാഷ്ട്ര മേഖലയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിലൊന്നായ രാജ്കോട്ട് സിവിൽ ആശുപത്രിയിലാണ് ഈ ദാരുണ സംഭവം. വയോധിക സ്ട്രെച്ചർ വലിച്ചുകൊണ്ട് പോകുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ആശുപത്രിയിലെ സൗകര്യങ്ങളെയും ജീവനക്കാരുടെ കുറവിനെയും കുറിച്ച് വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നു.
വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ആശുപത്രി അക്കൗണ്ട്സ് ഓഫീസർ എം.എസ്. റോയ് അറിയിച്ചു. സ്ട്രെച്ചർ സേവനങ്ങൾ നൽകാൻ ചുമതലപ്പെടുത്തിയ ഏജൻസിക്ക് ആശുപത്രി ഭരണകൂടം നോട്ടീസ് അയച്ചിട്ടുണ്ട്. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കർശനമായ പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറും നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
രോഗികളെ കൊണ്ടുപോകുന്നതിനായി ജീവനക്കാരുടെ സേവനം ഉറപ്പാക്കുമെന്നും, രോഗികളുടെ ബന്ധുക്കൾക്ക് ഇനി ഇത്തരം ദുരിതങ്ങൾ ഉണ്ടാകില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
