പരമ്പരാഗത ആഭരണ നിർമാണ കലയ്ക്ക് പുതിയ ചരിത്രം കുറിച്ച് ദുബായിൽ കൂറ്റൻ സ്വർണ്ണ ജുമ്മുക്ക നിർമിച്ച് ആഭരണ വിപണന ശൃംഖലയായ ജോയ്ആലുക്കാസ്. 16.5 കിലോഗ്രാമിലധികം ഭാരമുള്ള ഈ അപൂർവ്വ സ്വർണ ആഭരണം രണ്ട് ഗിന്നസ് വേൾഡ് റിക്കാർഡുകളാണ് സ്വന്തമാക്കിയത്.
‘മയൂര സഹസ്ര’ (Mayura Sahasra) എന്ന് പേരിട്ടിരിക്കുന്ന ഈ 22 കാരറ്റ് സ്വർണ ജുമ്മുക്ക ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിലെ ‘ജ്വൽ ഓഫ് ജോയ്’ (Jewel of Joy) ഷോറൂമിൽ നടന്ന ചടങ്ങിലാണ് അനാച്ഛാദനം ചെയ്തത്. യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറി ഉൾപ്പെടെയുള്ള ചടങ്ങിൽ പങ്കെടുത്തു.
1.215 മീറ്റർ നീളവും 0.682 മീറ്റർ വ്യാസവുമുള്ള ഈ ജുമ്മുക്ക നിർമ്മിക്കാൻ 55 പ്രഗത്ഭരായ കരകൗശല വിദഗ്ധരും 5,840 മണിക്കൂറുകളിലെ കഠിനാധ്വാനവും വേണ്ടിവന്നു. ഭാരതീയ സംസ്കാരത്തിൽ ഭംഗിയുടെയും പ്രൗഢിയുടെയും പ്രതീകമായ മയിലിന്റെ രൂപകല്പനയിൽ നിന്നാണ് ഇതിന്റെ ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.
ലഭ്യമായതിൽ വെച്ച് ഏറ്റവും ഭാരമേറിയ സ്വർണ കമ്മലുകൾ, ലോകത്തിലെ ഏറ്റവും വലിയ സ്വർണ കമ്മലുകൾ എന്നീ രണ്ട് ഗിന്നസ് റിക്കാർഡുകളാണ് ജോയ്ആലുക്കാസ് ഇതിലൂടെ കരസ്ഥമാക്കിയത്.
“സ്വർണ്ണത്തിന്റെ നഗരം എന്ന് അറിയപ്പെടുന്ന ദുബായോടുള്ള ആദരസൂചകമായാണ് ഈ വറ്റാത്ത കലാസൃഷ്ടി ഞങ്ങൾ തയ്യാറാക്കിയത്” എന്ന് ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലൂക്കാസ് വ്യക്തമാക്കി. മധ്യപൂർവേഷ്യയിലെ തന്നെ ഏറ്റവും വലിയ ആഭരണ വിപണന കേന്ദ്രമായ 25,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ജോയ്ആലുക്കാസിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ഈ റിക്കാർഡ് നേട്ടം.

