തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മന്ത്രിമാര്‍ക്ക് തങ്ങളുടെ സ്വകാര്യ വാഹനങ്ങള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പൊതുഭരണ വകുപ്പ് അനുമതി നല്കി. വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, വി. ഇ. അബ്ദുല്‍ ഗഫൂര്‍, പി. കെ. ബഷീര്‍, കെ. എം. ഷാജി എന്നിവര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.
പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മൂന്ന് സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക വാഹനത്തിന്റെ നമ്പർ പ്ലേറ്റ് പതിച്ച് ഉപയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് പൊതുഭരണ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക നമ്പർ പ്ലേറ്റ് ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും വാഹനങ്ങളുടെ ഇന്ധനച്ചെലവ്, അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള മറ്റു ചെലവുകൾ എന്നിവ സർക്കാർ വഹിക്കില്ല. മന്ത്രി യാത്ര ചെയ്യുമ്പോൾ മാത്രമേ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക നമ്പർ പ്ലേറ്റ് സ്ഥാപിക്കാൻ പാടുള്ളൂവെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
മന്ത്രി കെ.എം.ഷാജി സ്വകാര്യവാഹനം ഔദ്യോഗികവാഹനമായി ഉപയോഗിച്ചതു വിവാദമായിരുന്നു. ആ സമയത്ത് അദ്ദേഹം സ്വകാര്യവാഹനത്തിൽ നമ്പർപ്ലേറ്റ് പതിക്കാനുള്ള അനുമതി വാങ്ങിയിരുന്നില്ല. പിന്നീട് ഷാജിയുടെ അപേക്ഷയിൽ തീരുമാനമെടുത്തെന്നു പൊതുഭരണവകുപ്പ് വ്യക്തമാക്കി.
പൊതുഭരണ വകുപ്പിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെയാണ് ഷാജി സ്വകാര്യ കാറിൽ ഔദ്യോഗിക ബോർഡ് വെച്ച് യാത്ര ചെയ്തിരുന്നത്. വിവാദമായതിനെ തുടർന്ന് ആ വാഹനം സുഹൃത്തിന് തിരികെ നൽകുകയും ചെയ്തിരുന്നു.
