വിവാഹ ഘോഷയാത്രകൾക്കായി ആഡംബര കാറുകളും കുതിരകളും തെരഞ്ഞെടുക്കുന്ന പതിവ് തെറ്റിച്ച് ബുൾഡോസറിൽ വധുവിന്റെ വീട്ടിലെത്തി യുവാവ്. ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലാണ് കൗതുകമുണർത്തുന്ന ഈ വിവാഹ ഘോഷയാത്ര നടന്നത്. പയാഗ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖുതേന ബസാറിൽ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
അർക്കാപൂർ ഗ്രാമവാസിയായ ലല്ലുവിന്റെ മകൻ അബ്ദുൾ കലാം ആണ് വിവാഹ വേഷത്തിൽ ‘സെഹ്റ’ അണിഞ്ഞ് ജെസിബി ബുൾഡോസറിൽ വധുവിന്റെ വീട്ടിലേക്ക് എത്തിയത്. വ്യത്യസ്തമായ വരവേൽപ്പ് കാണാൻ വഴിയരികിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടുകയും പലരും ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തുകയും ചെയ്തു.
ആഡംബര വാഹനത്തിലായിരുന്നു കലാമിന്റെ വിവാഹ ഘോഷയാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, വിവാഹത്തിന് ബുൾഡോസർ തന്നെ വേണമെന്ന് വരൻ വാശിപിടിക്കുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും തീരുമാനത്തിൽ ഉറച്ചുനിന്ന കലാം ഒടുവിൽ ബുൾഡോസറിൽ തന്നെ വിവാഹവേദിയിലേക്ക് പുറപ്പെടുകയായിരുന്നു.
