കൊച്ചി: അച്ഛന്റെ ജീവനായിരുന്ന തട്ടുകടയുടെ പ്രവർത്തനം ഭദ്രകീർത്തിയും കുടുംബാംഗങ്ങളും പുനരാരംഭിച്ചു. ചേരാനല്ലൂരില്‍ ജഡ്ജിയുടെ മകന് ഓടിച്ച ആഡംബരകാര്‍ ഇടിച്ചു കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ തട്ടുകട ‘ശ്രീകൃഷ്ണ ടീ സ്റ്റാള്‍’ വീണ്ടും പ്രവർത്തനം തുടങ്ങി. മകള്‍ ഭദ്രകീര്ത്തിയുടെ നേതൃത്വത്തില്‍ ജയബാലകൃഷ്ണന്റെ ഭാര്യയും മകനും ചേര്‍ന്നാണു കട തുറന്നത്. ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച മകള്‍തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍. ജയബാലകൃഷ്ണന്റെ വേര്‍പാടിലും നാട്ടുകാരുടെയും മാധ്യമങ്ങളുടെയും പൂര്‍ണ പിന്തുണയോടെയാണു കട പുനരാരംഭിക്കാന്‍ കുടുംബം തീരുമാനിച്ചത്. ജയബാലകൃഷ്ണന്‍ മുന്‍പ് നടത്തിവന്ന അതേ രീതിയില്‍ യാതൊരു മാറ്റവുമില്ലാതെ ദോശയും ചമ്മന്തിയും ഓംലെറ്റും നല്കി തട്ടുകട മുന്നോട്ടുകൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം. ഇന്നലെ വൈകുന്നേരം ജയബാലകൃഷ്ണന്റെ ചിത്രത്തില്‍ തിരിതെളിച്ചാണ് ചിറ്റൂര്‍ നിവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട കടയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. ജയബാലകൃഷ്ണന്റെ കൈപ്പുണ്യം അറിഞ്ഞ ചിറ്റൂരിലെ പ്രദേശവാസികളും അവിടെയുണ്ടായിരുന്നു.
Read More