കൊച്ചി: കേരളത്തില്‍നിന്നു രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും സൗജന്യമായി ഫോണ്‍ വിളിക്കാവുന്ന സ്പീക് ഫ്രീ ആപ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം സ്പീക് ഫ്രീ പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.ആര്. വിശ്വംഭരന് ഐഎഎസ് ആദ്യ ഫോണ്‍വിളി നടത്തി. സംസ്ഥാനത്തെ സ്മാര്‍ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സാധാരണ ഡയല് ചെയ്ത് ഫോണ്‍ വിളിക്കുന്നതുപോലെ സൗജന്യമായി ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ സംസാരിക്കാന്‍ കഴിയുന്ന ഈ പദ്ധതി ലോകത്തുതന്നെ ആദ്യമായാണ് അവതരിപ്പിക്കുന്നതെന്ന് ആപ് നിര്‍മാതാക്കളായ സംഭവ് കമ്യൂണിക്കേഷന്‍സ് അവകാശപ്പെട്ടു.
ഫോണ്‍ ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും ഇന്റര്‍നെറ്റ് കണക്ഷന് ആവശ്യമില്ല എന്നതാണ് ഈ സംവിധാനത്തിന്റെ മുഖ്യ ആകര്‍ഷണം. വിളിക്കുന്ന ഫോണില്‍ മാത്രം“സ്പീക് ഫ്രീ” (Speakfree) ആപ്പ് ഉണ്ടായിരുന്നാല്‍ മതി. കേരളത്തിലെ എല്ലാ ഫോണ്‍ സര്‍വീസ് പ്രൊവൈഡര്‍ വഴിയും ഇന്ത്യയിലെ ഏതു ഫോണ്‍ കണക്ഷനിലേക്കും വിളിക്കാമെന്നതും ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. ഒരു ഫോണ്‍ വിളിയുടെ പരമാവധി ദൈര്‍ഘ്യം മൂന്നു മിനിറ്റ് ആയിരിക്കുമെങ്കിലും വീണ്ടും എത്ര തവണ വേണമെങ്കിലും അതേ കോള്‍ ആവര്‍ത്തിക്കാവുന്നതാണ്. സ്പീക് ഫ്രീ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മാത്രമാണ് ഇന്റര്‍നെറ്റ് ആവശ്യമുള്ളത്. മുഹമ്മദ് നസീം, അഹമ്മദ് റഫീക്ക്, ഹഫീസ് അബ്ദുള്‍ ലത്തീഫ്, വാലാന്റോ ആലപ്പാട്ട്, സാബു ടി. രാഘവന് എന്നിവരാണ് ഈ ന്യൂതന പദ്ധതിയുടെ സംരംഭകര്‍.
കോള്‍ വിളിക്കുമ്പോള്‍ ആദ്യ 10-20 സെക്കന്ഡുകളില് വിവിധ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍, ഓഫറുകള്‍ സേവനങ്ങള്‍ എന്നിവയായിരിക്കും ഉപയോക്താക്കള്‍ കേള്‍ക്കുക. കോള്‍ അവസാനിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവര്‍ കേട്ട പരസ്യം എസ്എംഎസ് ആയി ലഭിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sumbav.in/ www.speafree.in.