കേശസംരക്ഷണം ആയുര്‍വേദത്തില്‍

hairസ്ത്രീ സൗന്ദര്യത്തിന്റെ ലക്ഷണമാണ് നീളമുള്ള മുടി. പനങ്കുലപോലുള്ള മുടിയെക്കുറിച്ചു കവികള്‍ ഏറെ പാടിയിട്ടുമുണ്ട്. മുടികൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഇന്ന് സ്ത്രീപുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. ആയുര്‍വേദത്തിലുള്ള കേശസംരക്ഷണ രീതികളെക്കുറിച്ചറിയാം…

ആയുര്‍വേദ ശാസ്ത്രപ്രകാരം ഓരോ വ്യക്തിയുടെയും തലമുടിയുടെ സ്വഭാവം അവരവരുടെ ശരീരപ്രകൃതിക്ക് അനുസരിച്ചായിരിക്കും. വാതപ്രകൃതി, പിത്തപ്രകൃതി, കഫപ്രകൃതി എന്നിങ്ങനെ മൂന്നായിട്ടാണ് അവയെ തരം തിരിച്ചിരിക്കുന്നത്. ഇവയില്‍ ഓരോതരം പ്രകൃതിക്കും അതിന്റേതായ പ്രത്യേകതകളുമുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും കൊഴിച്ചിലിനും ഈ പ്രകൃതികളുടെ വ്യക്തമായ സ്വാധീനം ഉണ്ട്.

മുടിയുടെ വളര്‍ച്ചയെ ബാധിക്കുന്ന ഘടകങ്ങള്‍

ശരീരത്തിലെ ഹോര്‍മോണുകളുടെ വ്യതിയാനം, മാനസിക സമ്മര്‍ദ്ദങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍, ചില രോഗങ്ങള്‍ക്കു കഴിക്കുന്ന ശക്തിയേറിയ ഔഷധങ്ങള്‍, ഉറക്കക്കുറവ്, ശരിയായ രീതിയിലല്ലാത്ത ഭക്ഷണക്രമങ്ങള്‍, പെട്ടെന്ന് ശരീരഭാരം കുറയുന്ന അവസ്ഥ, കടുത്തപനി, ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം, താരന്‍, മറ്റ് ഫംഗസ് രോഗങ്ങള്‍ എന്നിവയെല്ലാം തലമുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്.

നാം കഴിക്കുന്ന ആഹാരത്തില്‍ നിന്ന് ഉണ്ടാകുന്ന അന്നരസമാണു തലമുടിയുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നത്. അതില്‍ ചില ആഹാരങ്ങള്‍ ശരീരത്തില്‍ ചൂടിനെ വര്‍ധിപ്പിക്കുകയും അതുവഴി പിത്തത്തെ വര്‍ധിപ്പിക്കുകയും ചെയ്യും. ചൂടുകാലാവസ്ഥയും അധികം എരിവും പുളിയും ഉപ്പുമുള്ള ആഹാരങ്ങളും ഉഷ്ണഗുണ പ്രദാനങ്ങളായ ചായ, കാപ്പി, മദ്യം, മാംസം എന്നിവയും വറുത്തതും എണ്ണമയം കൂടുതലുള്ളതുമായ ആഹാരങ്ങളും അസിഡിറ്റി കൂട്ടുന്ന ആഹാരങ്ങളും പിത്തത്തെ വര്‍ധിപ്പിക്കുന്നവയാണ്.

മുടികൊഴിച്ചില്‍ തടയാം

തിക്തകം കഷായം, തിക്തക ഘൃതം മുതലായവയുടെ ഉപയോഗം ദഹനവ്യവസ്ഥയെ ക്രമത്തിലാക്കുക വഴി പിത്ത ദോഷത്തെ കുറയ്ക്കുന്നതിനു സഹായകമാണ്. ടോണിക്കിന്റെ ഗുണം പ്രദാനം ചെയ്യുന്ന ച്യവനപ്രാശം, നാരസിംഹരസായനം മുതലായവ സേവിക്കുന്നത് മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനും വളരെയേറെ സഹായകമാണ്.

പ്രോട്ടീന്‍, ഇരുമ്പിന്റെ അംശം എന്നിവ കൂടുതലുള്ള ആഹാരങ്ങള്‍, സലാഡുകള്‍, പഴങ്ങള്‍, ഇലക്കറികള്‍ എന്നിവ നിത്യേന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടികൊഴിച്ചില്‍ തടയും. അതു മുടിക്കു കരുത്തും ഭംഗിയും പ്രദാനം ചെയ്യും.

താരന്‍ അകറ്റാം

ദുര്‍ദ്ധൂരപത്രാദി, മാലത്യാദി, അസോറിയാ തുടങ്ങി ധാരാളം എണ്ണകള്‍ താരനെ നശിപ്പിക്കുന്നതാണ്. മുടികൊഴിച്ചില്‍ തടയുന്നതും മുടി സമൃദ്ധമായി വളരുന്നതിനു സഹായിക്കുന്നതുമായ ഇവ ആയുര്‍വേദ സ്ഥാപനങ്ങളിലൂടെ ല്യമാണ്. താരന്‍ അധികം ഉള്ളവര്‍ ഈ എണ്ണയോടൊപ്പം രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങാനീരും ചേര്‍ത്ത് ചൂടാക്കി തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നതു താരനെ നശിപ്പിക്കുന്നതിനും മുടിയാരോഗ്യം വര്‍ധിപ്പിക്കുന്നതിനും വളരെ ഗുണപ്രദമാണ്.

എണ്ണകള്‍ അല്‍പം ചൂടാക്കി തലയോട്ടിയില്‍ പുരട്ടുന്നതു രക്തസഞ്ചാരം വര്‍ധിപ്പിക്കുന്നു. അതുവഴി തലമുടിയുടെ ചുവടുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുകയും കൊഴിച്ചില്‍ തടയുകയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

ഇവയ്‌ക്കെല്ലാം പുറമെ പരമ്പരാഗത ആയുര്‍വേദ ചികിത്സകളായ ശിരോധാര, അഭ്യംഗം, തലപൊതിച്ചില്‍, നസ്യം എന്നിവ കേശസംബന്ധിയായ രോഗാവസ്ഥകളില്‍ അദ്ഭുതകരമായ ഫലങ്ങള്‍ പ്രദാനം ചെയ്യുന്നവയാണ്.

തലമുടി വളരാന്‍ പൊടിക്കൈകള്‍

* നെല്ലിക്ക ഉണക്കിപ്പൊടിച്ചു തേന്‍ ചേര്‍ത്തു സേവിക്കുക. രക്തം ശുദ്ധിയാകുന്നതിനും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍-സി ലഭിക്കുന്നതിനും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തലമുടി വളര്‍ച്ചയ്ക്കും ഉത്തമമായ ഒരു ഔഷധം കൂടിയാണിത്.

* ഉണക്ക നെല്ലിക്കാപ്പൊടി ചൂടുവെള്ളത്തില്‍ കുഴച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക.

* കറ്റാര്‍ വാഴപ്പോള നീരുചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേയ്ക്കുക.

* കറ്റാര്‍ വാഴപ്പോളയുടെ നീര് രണ്ട് ടീസ്പൂണ്‍ ദിവസവും കഴിക്കുന്നതു ദഹനപ്രക്രിയകളെയും മലശോധനയെയും സുഗമമാക്കുന്നതും അതോടൊപ്പം തന്നെ മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതുമാണ്. ഇത് കൂടുതല്‍ അളവില്‍ ഉപയോഗിച്ചാല്‍ വയറിളക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

* കറിവേപ്പില അരച്ച് ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ പുരട്ടുന്നത് മുടികൊഴിച്ചിലിനെയും അകാല നരയേയും തടയുന്നതാണ്.

* കയ്യോന്നിയില അരച്ചു തലയില്‍ പുരട്ടുക.

* ഉലുവ വറുത്ത് അരച്ച് തലയില്‍ പുരട്ടുക. താരന്‍ മാറുന്നതിനും മുടി വളരുന്നതിനും ഉത്തമമാണിത്. മുടി കൊഴിച്ചില്‍ തടയുന്നതിനും മുടിക്കു കരുത്തു ലഭിക്കുന്നതിനും ആയുര്‍വേദ ചികിത്സകള്‍ക്കു പുറമെ താഴെ പറയുന്നവ കൂടി ശ്രദ്ധിക്കുന്നത് കൂടുതല്‍ ഗുണപ്രദമായിരിക്കും.

– നനഞ്ഞിരിക്കുന്ന മുടി പൊട്ടിപ്പോകാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ നനവുള്ളപ്പോള്‍ മുടി ചീകാതിരിക്കുക.

– ദിവസവും കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും ഉറക്കം തലമുടിയുടെ ശരിയായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

– ദിവസവും ധാരാളം വെള്ളം കുടിക്കുന്നതും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ശരിയാംവണ്ണം നിലനിര്‍ത്തി മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

ഡോ.ആര്‍ രവീന്ദ്രന്‍ ബിഎഎംഎസ്
അസി.സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍
ദി ആര്യവൈദ്യ ഫാര്‍മസി (കോയമ്പത്തൂര്‍) ലിമിറ്റഡ് ബ്രാഞ്ച്
സിഎംഎസ് കോളജ് റോഡ്, കോട്ടയം

Related posts