സിപിഐ ലോക്കല്‍ കമ്മിറ്റി അംഗത്തെ മര്‍ദിച്ച് ഓട്ടോറിക്ഷ തകര്‍ത്തു

KLM-CPIMARDANAMകൊട്ടാരക്കര: സിപിഐ കോട്ടാത്തല വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം കോട്ടാത്തല തലയണിവിള വീട്ടില്‍ വി.ഗണേഷ്കുമാറിനെ പത്തംഗ സംഘം മര്‍ദിച്ച് അവശനാക്കുകയും ഓട്ടോറിക്ഷ തല്ലിത്തകര്‍ക്കുകയും വീട് കയറി ഭീഷണിപ്പെടുത്തുകയും ചെയ്തു.സാരമായി പരിക്കേറ്റ ഗണേഷ് കുമാറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. കോട്ടാത്തല മുള്ളിക്കാല ഭദ്രാഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ എത്തിയതായിരുന്നു ഗണേഷ് കുമാര്‍.

ഇയാള്‍ ഓട്ടോറിക്ഷയിലാണ് ഇവിടെ എത്തിയത്. ഈ സമയം പരിസരത്തുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ വൈശാഖ് ഓട്ടം പോകാനെന്ന വ്യാജേന ഗണേഷിനെ വിളിച്ചു.ഓട്ടോയില്‍ കയറിയ ഉടന്‍ വൈശാഖ് തോര്‍ത്ത് കൊണ്ട് കഴുത്തില്‍ മുറുക്കുകയും ഈ സമയം ഓടിയെത്തിയ മറ്റുള്ളവര്‍ ഗണേഷിന് റോഡിലേക്ക് മറിച്ചിട്ട ശേഷം കമ്പിവടികൊണ്ടും ഇടിക്കട്ടകൊണ്ടും ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

തുടര്‍ന്ന് ഗണേഷിന്റെ ഓട്ടോറിക്ഷ തല്ലിത്തകര്‍ത്തു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അക്രമി സംഘം ഓടി രക്ഷപെട്ടുവെങ്കിലും പിന്നീട് ഇവര്‍ വീട്ടിലെത്തി ഗണേഷിന്റെ ഭാര്യ ശശികലയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.പുത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബന്ധുക്കള്‍ റൂറല്‍ എസ്പിയ്ക്കും ഡിജിപിയ്ക്കും അടക്കം പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ അക്രമക്കേസുകളില്‍ പ്രതിയായിട്ടുള്ളവരാണ് ഗണേഷിനെ ആക്രമിച്ച സംഘത്തിലുള്ളവര്‍.

ഇതില്‍പ്പെടുന്ന അനൂബ് മുമ്പ് പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയിട്ടുള്ളതാണ്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് സിപിഐ കോട്ടാത്തല വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബി. ഷാജിയും മണ്ഡലം സെക്രട്ടേറിയേറ്റംഗം ബി.എസ് ഗോപകുമാറും ആവശ്യപ്പെട്ടു.

Related posts