ഹരിപ്പാട്: പള്ളിപ്പാട്ട് മഴയിലും കാറ്റിലും തെങ്ങ് ഒടിഞ്ഞുവീണ് വീട് തകർന്നു. കുരീത്തറ പൂതുക്കാട് പുത്തൻവീട്ടിൽ ജയലക്ഷ്മിയുടെ വീടിന് മുകളിലേക്കാണ് തെങ്ങുവീണത്.
കഴിഞ്ഞദിവസം വൈകിട്ട് ഏഴിനായിരുന്നു സംഭവം. വീടിന്റെ ഹാളിനും അടുക്കളയ്ക്കും മുകളിലേക്കാണ് തെങ്ങ് പതിച്ചത്. ഷീറ്റ് മേഞ്ഞ ഈ ഭാഗങ്ങൾ പൂർണമായും തകർന്നു. അപകടസമയത്ത് കുട്ടികളടക്കം ഏഴുപേർ വീട്ടിലുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
അയൽവാസിയുടെ പുരയിടത്തിൽ നിന്നിരുന്ന തെങ്ങ് അപകടാവസ്ഥയിലാണെന്നും അത് വെട്ടിമാറ്റണമെന്നും മുൻപ് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നോ ഉടമയുടെ ഭാഗത്തുനിന്നോ നടപടിയുണ്ടായില്ലെന്ന് ജയലക്ഷ്മി ആരോപിച്ചു.
