ബുദ്ധികേന്ദ്രം ആഷിഖ് അബു, നടിമാരെ ഒന്നിപ്പിച്ചത് റിമ കല്ലിങ്കലും, ഭാഗ്യലക്ഷ്മിയെയും പാര്‍വതിയെയും ഒഴിവാക്കിയതിനു പിന്നില്‍ സിപിഎം തീരുമാനം, വനിതകളുടെ കൂട്ടായ്മയെ തുടക്കത്തിലെ തകര്‍ക്കാന്‍ നീക്കം സജീവം

പ്രത്യേക ലേഖകന്‍
malaമഞ്ജു വാര്യരെ മുന്‍നിര്‍ത്തി മലയാള സിനിമയിലെ സ്ത്രീകളെ ഉള്‍പ്പെടുത്തി തുടങ്ങിയ പുതിയ സംഘടനയുടെ രൂപീകരണത്തിനു ചുക്കാന്‍ പിടിച്ചത് സംവിധായകന്‍ ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും. സിനിമ രംഗത്തു പ്രവൃത്തിക്കുന്ന വനിതകളെ ഒരു കുടക്കീഴിലാക്കാനാണ് സംഘടന രൂപീകരിച്ചതെങ്കിലും ചില രാഷ്ട്രീയ ലക്ഷ്യങ്ങളാണ് പിറവിക്കു പിന്നിലാണെന്നാണ് സൂചന. അതേസമയം, വനിതകളുടെ സംഘടനയുമായി സഹകരിക്കേണ്ടതില്ലെന്നാണ് താരസംഘടനയായ അമ്മയുടെ തീരുമാനം.

വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയുടെ പിറവിക്കു കാരണമായത്‌കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ സംഭവമാണെന്നാണ് അണിയറക്കാര്‍ പറയുന്നത്. എന്നാല്‍, സത്യം മറിച്ചാണ്. മഞ്ജു വാര്യര്‍ ബിജെപിയുമായി അടുക്കുന്നുവെന്ന വാര്‍ത്തകള്‍ ഇടയ്ക്ക് സജീവമായിരുന്നു. മഞ്ജുവിനെ പോലെ ജനസമ്മതിയുള്ള താരങ്ങള്‍ എതിര്‍പാളയത്തിലേക്ക് പോയാല്‍ തിരിച്ചടിയാകുമെന്ന ആശങ്കയില്‍ നിന്നും ഉടലെടുത്തതാണ് പുതിയ സംഘടനയെന്ന ആശയം. ഇടതുസഹയാത്രികനായ സംവിധായകന്‍ ആഷിഖ് അബു സംഘടനയുടെ അണിയറയിലേക്ക് വരുന്നത് ഈ ഘട്ടത്തിലാണ്. തുടക്കത്തില്‍ കോണ്‍ഗ്രസ്, ബിജെപി വിരുദ്ധരായവരെ മാത്രം ഉള്‍പ്പെടുത്തി സംഘടനരൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തിയതും ഇതുമൂലമാണ്. ഇടതു വിരുദ്ധരും സിനിമരംഗത്തെ റിബലുകളുമെന്ന് മുദ്രകുത്തപ്പെട്ട ഭാഗ്യലക്ഷ്മിയും മാല പാര്‍വതിയും സംഘടനയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതും ഇതേ രാഷ്ട്രീയം കൊണ്ടു തന്നെയാണെന്നാണ് അണിയറ വര്‍ത്തമാനം.

താരസംഘടനയായ അമ്മയ്ക്ക് വനിതാ സംഘടനയുടെ രൂപീകരണത്തോട് എതിര്‍പ്പാണുള്ളത്. ഇടതു എംപിയും അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റിനും ഇക്കാര്യത്തില്‍ സമാനമായ ചിന്തയാണുള്ളത്. എല്ലാ വിഭാഗം താരങ്ങള്‍ക്ക് വേണ്ടിയും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അമ്മയുമായി ആലോചിക്കാതെ വനിതാ സിനിമ പ്രവര്‍ത്തകര്‍ക്കുമാത്രമായി സംഘടന രൂപീകരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് താരങ്ങള്‍ക്കിടയില്‍ ഉയരുന്നത്. സംഘടനയോട് ആലോചിക്കാതെ നടത്തിയ ഈ നീക്കം പ്രമുഖ താരങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. അമ്മയില്‍ നിലവില്‍ ഇന്നസെന്റ് പ്രസിഡന്റും, മോഹന്‍ലാലും ഗണേഷ് കുമാറും വൈസ് പ്രസിഡന്റുമാരും, മമ്മൂട്ടി ജനറല്‍ സെക്രട്ടറിയും ട്രഷറര്‍ ദിലീപുമാണ്. മഞ്ജു വാര്യരുടെ നേതൃത്ത്വത്തില്‍ ആരംഭിക്കുന്ന പുതിയ സംഘടനയായ ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’യില്‍ ഇപ്പോള്‍ റിമ കല്ലിങ്കല്‍, പാര്‍വതി, രമ്യാ നമ്പീശന്‍, സജിത മഠത്തില്‍, സംവിധായിക അഞ്ജലി മേനോന്‍, ബീനാ പോള്‍, ഗായിക സയനോര, വിധു വിന്‍സന്റ് തുടങ്ങിയവരാണ് ഉള്ളത്.
malaya
ഭാവന, ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ എന്നിവരെയും സംഘടനയിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്. ഇവരെ ഉള്‍പ്പെടെ പരമാവധി വനിതാ ചലച്ചിത്ര പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ച് വിപുലമായ കണ്‍വെന്‍ഷന്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ക്കാനും ആലോചനയുണ്ട്. നിലവില്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരിലെ പ്രമുഖരൊക്കെ പുതിയ നീക്കത്തിന്റെ ഭാഗമായി മാറിയതിനാല്‍ മഞ്ജുവിന്റെ നീക്കത്തെ അത്ര അവഗണിക്കാനും അമ്മ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് കഴിയില്ല. അതേസമയം, സംഘടനയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ് രംഗത്തെത്തിയത് മറ്റു താരങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. അമ്മ ഭാരവാഹികളിലൊരാളെ രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെ ഒരു സംഘടന ഉണ്ടോയെന്നായിരുന്നു. ആരെങ്കിലും എന്തെങ്കിലും തട്ടിക്കൂട്ട് സംഘടന ഉണ്ടാക്കുന്നതിന് ഞങ്ങള്‍ എന്തിനു ഭയക്കണമെന്നാണ് ഇയാളുടെ ചോദ്യം.

എന്തായാലും പുതിയ സംഘടനയുടെ ലക്ഷ്യങ്ങളെക്കുറിച്ച് തുടക്കത്തിലെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ വനിതകളുടെ കൂട്ടായ്മയെ ഒതുക്കാന്‍ സിനിമരംഗത്തു നിന്നു തന്നെ ശ്രമങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് സിപിഎമ്മിന്റെ കൂടെ പിന്തുണയോടെ തുടങ്ങിയ സംഘടനയായതിനാല്‍. സമാധാനപരമായ ഒരു കാലഘട്ടത്തിനുശേഷം മലയാള സിനിമരംഗത്തും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നുറപ്പാണ്.

Related posts